അയ്യായിരം പേരുടെ എല്ലും തലയോട്ടികളും കൊണ്ടുണ്ടാക്കിയ പള്ളി; നട്ടെല്ല് തരിക്കുന്ന അനുഭവം

മനുഷ്യന്റെ എല്ലും തലയോട്ടികളും കൊണ്ട് അലങ്കരിച്ച ഒരു പള്ളി. കേള്‍ക്കുമ്പോള്‍ കൗതുകം മാത്രമല്ല, പേടിയും തോന്നാം. പേടിക്കേണ്ട. വിചിത്രമെങ്കിലും അങ്ങനെ ചെയ്യാന്‍ ഒരു കാരണമുണ്ടായിരുന്നു. പോർച്ചുഗലിലെ ഇവോറയിലുള്ള പുരാതനമായ സെന്റ് ഫ്രാൻസിസ് പള്ളിയുടെ പ്രധാന കവാടത്തോട് ചേർന്ന് ഒരു ചെറിയ ചാപ്പല്‍ കാണാം. കാപെല ദോസ് ഓസോസ്, അഥവാ ചാപ്പൽ ഓഫ് ബോൺസ്. എല്ലുകൊണ്ടുള്ള പള്ളി. പുറത്തുനിന്ന് നോക്കിയാല്‍ ഒരു സാധാരണ ചാപ്പല്‍. എന്നാല്‍ അകത്തുകയറിയാല്‍ എവിടെ നോക്കിയാലും തലയോട്ടികളും അസ്ഥിക്കഷ്ണങ്ങളും. സംശയിക്കേണ്ട, മനുഷ്യരുടേതുതന്നെ. ഭിത്തികളിലെയും തൂണുകളിലെയുമെല്ലാം ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത് എല്ലുകളും തലയോടുകളും ഉപയോഗിച്ചാണ്. അള്‍ത്താരയിലും കാണാം നൂറുകണക്കിന് അസ്ഥികളും തലയോടുകളും. ചാപ്പല്‍ ഓഫ് ബോണ്‍സ് എന്ന് ഈ പള്ളിക്ക് പേരിടാന്‍ ഇതില്‍ക്കൂടുതല്‍ കാരണം വേണ്ടല്ലോ. എന്നാല്‍ എന്തുകൊണ്ടാണ് പള്ളിയില്‍ ഇങ്ങനെ എല്ലും തലയോടും നിറച്ചുവച്ചിരിക്കുന്നത്? വിഡിയോ കാണാം....

പതിനാറാം നൂറ്റാണ്ടില്‍ ഇവോറയിലെ പഴക്കമുള്ള പല പള്ളികളിലെയും സെമിത്തേരികളില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ഇടമില്ലാതായി. സ്വാഭാവികമായും പഴയ കല്ലറകളിലെ അവശിഷ്ടങ്ങള്‍ നീക്കണം. അങ്ങനെ നീക്കിയ അസ്ഥികളും തലയോട്ടികളുമാണ് ചാപ്പല്‍ ഓഫ് ബോണ്‍സ് ആയി മാറിയത്. കുഴിച്ചുമൂടുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിന് പകരം ഭൗതികാവശിഷ്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയുംവിധം പള്ളിക്കുള്ളില്‍ത്തന്നെ പ്രദര്‍ശിപ്പിക്കാന്‍ അന്നത്തെ സന്യസ്ഥരാണ് തീരുമാനമെടുത്തത്. അങ്ങനെ പതിനേഴാം നൂറ്റാണ്ടില്‍ കാപെല ദോസ് ഓസോസ് പിറവിയെടുത്തു. 

എല്ലുകളുടെ പള്ളിക്ക് വലിപ്പം കുറവാണ്. എന്നാല്‍ ഉള്ളിലേക്ക് കയറിയാല്‍ വളരെ വിചിത്രമായ ഒരു കാഴ്ചാനുഭവം നിങ്ങളെ പൊതിയും. ചാപ്പലില്‍ പ്രവേശിക്കാന്‍ കുറച്ചൊക്കെ ആത്മധൈര്യം വേണ്ടിവരും. ചാപ്പലിന്റെ ചുവരുകള്‍ അലങ്കരിക്കാന്‍ മാത്രം അയ്യായിരത്തോളം മൃതദേഹാവശിഷ്ടങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. വാതിലുകള്‍ക്ക് മുകളില്‍ എഴുതിവച്ചിരിക്കുന്ന വാചകങ്ങള്‍ കൂടി ശ്രദ്ധിക്കുക. ‘ഞങ്ങള്‍ അസ്ഥികളായി ഇവിടെയുണ്ട്. നിങ്ങളുടേതിനായി കാത്തിരിക്കുന്നു’. പള്ളിയുടെ ഉള്‍വശം അലങ്കരിച്ചിരിക്കുന്ന അസ്ഥികള്‍ കൂടാതെ ബലിപീഠത്തിനടുത്തുള്ള ചെറിയ വെളുത്ത പെട്ടിയില്‍ പള്ളി സ്ഥാപിച്ച മൂന്ന് ഫ്രാന്‍സിസ്കന്‍ സന്യാസിമാരുടെ അസ്ഥികളുമുണ്ട്. മേല്‍ക്കൂരയില്‍ നിന്ന് ഒരു കുട്ടിയുടെ അസ്ഥികൂടം തൂക്കിയിട്ടിരിക്കുന്നു. അതിനൊപ്പമുള്ള വാചകം ഇങ്ങനെ. ‘ജന്മദിനത്തേക്കാള്‍ നല്ലത് മരണദിവസമാണ്’. വിചിത്രമെങ്കിലും ഈ വാചകത്തിനുപിന്നിലെ ഉദ്ദേശ്യം ഭയപ്പെടുത്തല്‍ അല്ല. സന്ദര്‍ശകരെ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കുകയും മരണമടഞ്ഞവരെ ഓര്‍മിപ്പിക്കുകയും ചെയ്യുകയാണ് എഴുത്തിന്റെ ലക്ഷ്യം. ഇതിന് പുറമേ, സ്വന്തം അസ്തിത്വം തിരിച്ചറിയുകയും പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മനുഷ്യനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു കവിതയും ഇവിടെ കാണാം. തിരക്കുപിടിച്ച ഓട്ടം നൈമിഷികം മാത്രമാണെന്നും ഒടുവില്‍ എല്ലും തലയോട്ടിയും മാത്രമേ അവശേഷിക്കൂ എന്നുമുള്ള ബോധ്യം ഉണ്ടാക്കലായിരിക്കാം ഇതിന്റെയെല്ലാം ഉദ്ദേശ്യം.

Do you know ? There is a Church in Portugal made up of real human bones and skulls. The Chapel of Bones in Evora, Portugal, is part of the larger Royal Church of St. Francis, and was constructed by Franciscan monks in the late 16th century.