സുന്ദരിമാര്‍ ഇന്ത്യയിലേക്ക്...; ലോക സുന്ദരി മല്‍സരത്തിന് വേദിയാകാന്‍ രാജ്യം

ചിത്രം: facebook.com/MissWorld

27 വര്‍ഷത്തിന് ശേഷം മിസ് വേള്‍ഡ് 2023ന് വേദിയാകാന്‍ ഒരുങ്ങി ഇന്ത്യ. 71ാമത് ലോക സുന്ദരി കിരീടത്തിനുള്ള മല്‍സരമാണ് ഇന്ത്യയില്‍ നടക്കുക. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യവും വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും സ്ത്രീശാക്തീകരണവുമാണ് ഈ വർഷം ഇന്ത്യയെ ആതിഥേയ രാഷ്ട്രമായി തിരഞ്ഞെടുക്കാനുള്ള കാരണം എന്ന് ഓർഗനൈസേഷൻ അറിയിച്ചു.‌ അതേസമയം മല്‍സരത്തിന്‍റെ തീയ്യതി, സമയം തുടങ്ങി ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടില്ല. എന്നാല്‍ നവംബറില്‍ മല്‍സരം നടക്കും എന്നാണ് വിവിധ ദേശീയ– അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കർണാടകയിൽ നിന്നുള്ള സിനി ഷെട്ടി ആയിരിക്കും ഇത്തവണത്തെ മിസ് വേൾഡ് മല്‍സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.‌‌ ഫെമിന മിസ് ഇന്ത്യ 2022 വിജയിയാണ് 21 കാരിയായ സിനി ഷെട്ടി. ഇന്ത്യയുടെ സൗന്ദര്യം ലോകത്തിനു മുന്നില്‍ കാണിക്കാന്‍ ലോകമെമ്പാടുമുള്ള തന്‍റെ സഹോദരിമാരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സിനി ഷെട്ടി പറഞ്ഞു.

അതേസമയം വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ 2022 ലെ ലോകസുന്ദരി പട്ടം നേടിയ കരോലിന ബിലാവ്‌സ്കയും സിനി ഷെട്ടിയും സംഘാടകർക്കൊപ്പം പങ്കെടുത്തിരുന്നു. കരോലിന ബിലാവ്‌സ്കയുടെ രണ്ടാമത്തെ രാജ്യ സന്ദർശനമാണിത്. ലോകത്തെ മുഴുവൻ ഇന്ത്യയിലേക്കെത്തിച്ച ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെല്ലാം കാണിക്കാനുള്ള അവസരമാണിത് എന്ന് കരോലിന ബിലാവ്‌സ്ക പറഞ്ഞു.

India to host Miss World 2023