‘പല്ല് പൊടിയുന്ന നടന്‍: എക്സൈസ് എന്തുകൊണ്ട് ടിനി ടോമിന്‍റെ മൊഴിയെടുക്കുന്നില്ല’

fefka-tini
SHARE

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്‍റെ മൊഴിയെടുക്കാന്‍ എക്സൈസ് വകുപ്പ് തയാറാകാത്തത് എന്തുകൊണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ടിനി ടോം എക്സൈസ് വകുപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍.

‘‘ഈ ഏജന്‍സി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയുടെ മുറി റെയ്ഡ് ചെയ്യാൻ തിരുവനന്തപുരത്തുനിന്നു വന്ന ഒരു സംഘമുണ്ടല്ലോ. എത്ര പണം അവർ ഇതിനായി ചെലവഴിച്ചു? ഇത് സിസ്റ്റത്തിന്റെ ചെലവല്ലേ? ഈ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്‍റെ മൊഴി ഇതുവരെ എടുത്തില്ല? (ഒരു നടന്‍റെ) പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ആരാണിതെന്ന് എക്സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാന്‍ഡ് അംബാസിഡറോട്? നടപടി എടുക്കണ്ടേ? അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന് ഉത്തരവാദിത്തം വേണം.’’ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്ന ടിനിയുടെ പ്രസ്താവന വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം വെളിപ്പെടുത്തിയത്. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

ടിനി ടോമിന്റെ വാക്കുകൾ: ‘‘സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16–18 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി.’’

MORE IN SPOTLIGHT
SHOW MORE