മരിച്ചെന്നു കരുതി മൃതദേഹങ്ങള്‍ക്കിടയിലേക്ക്; മകനെ കണ്ടെത്താനുറച്ച് അച്ഛന്‍; ഒടുവില്‍..

odishawbmallik
SHARE

 ഒഡീഷ ട്രെയിൻ അപകടത്തിൽ അധികൃതർ മരിച്ചെന്നു വിധിയെഴുതിയ മകനെ മൃതദേഹങ്ങൾക്കിടയിൽനിന്നും ജീവനോടെ കണ്ടെടുത്ത ഹൃദയം നുറുങ്ങുന്ന അനുഭവം പങ്കുവച്ച് ഒരു പിതാവ്. കൊൽക്കത്തയിൽ നിന്നുള്ള ഹെലാറാം മല്ലിക് എന്നയാളാണ്, മകൻ വിശ്വജിത്തിനെ മൃതദേഹങ്ങൾക്കിടയിൽനിന്ന് കണ്ടെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അനുഭവം വിവരിച്ചത്.

ട്രെയിൻ അപകടത്തിനു പിന്നാലെ മകനെ കണ്ടെത്താൻ ഉറച്ച് 230 കിലോമീറ്റർ യാത്ര ചെയ്താണ് മല്ലിക് ബാലസോറിലെത്തിയത്. അപകട സ്ഥലത്തെ ദുരന്ത കാഴ്ചകൾക്കു നടുവിൽ മകനെ അന്വേഷിച്ചു നടന്ന മല്ലിക്, ഒടുവിൽ അവനെ കണ്ടെത്തിയത് മൃതദേഹങ്ങൾ കൂട്ടിയിട്ട സ്ഥലത്ത്. അപകടസ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർ വീണ്ടെടുത്ത മൃതദേഹങ്ങൾ ബാഹനഗ ഹൈസ്കൂളിലെ ഒരു മുറിയിലാണ് കൂട്ടിയിട്ടിരുന്നത്. അവിടെ നടത്തിയ തിരച്ചിലിനിടെയാണ്, മൃതദേഹങ്ങൾക്കടിയിൽ മകൻ വിശ്വജിത്തിനെ മല്ലിക് ജീവനോടെ കണ്ടെത്തിയത്.

ഉടൻതന്നെ രക്ഷാപ്രവർത്തകരുടെ സഹായത്തോടെ വിശ്വജിത്തിനെ ബാലസോർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലും എത്തിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിശ്വജിത്തിനെ ഇതിനകം രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എസ്എസ്കെഎം ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിലാണ് വിശ്വജിത്ത് ഇപ്പോഴുള്ളത്.

‘‘സാൻട്രഗാച്ചിയിൽനിന്നും കൊറമാണ്ഡൽ എക്സ്പ്രസിൽ കയറിയ എന്റെ മകൻ ചെന്നൈയിലേക്ക് ജോലി ആവശ്യത്തിനു പോവുകയായിരുന്നു. 7.30ന് എന്നെ ഫോണിൽ വിളിച്ച് ട്രെയിൻ അപകടത്തിൽപെട്ടു എന്നറിയിച്ചു. ഇതിനു പിന്നാലെ അവന് ബോധം നഷ്ടമായി. മറ്റാരുടെയോ ഫോണിൽ നിന്നാണ് അവൻ വിളിച്ചത്. മകന് ഗുരുതരമായ പരുക്കുകളുണ്ടെന്നും അബോധാവസ്ഥയിലായെന്നും അവർ അറിയിച്ചു.’

‘‘പിന്നീട് ബോധം വരുമ്പോൾ അവൻ മൃതദേഹങ്ങൾക്കു നടുവിലാണ് കിടന്നിരുന്നത്. മരിച്ചെന്ന ധാരണയിൽ രക്ഷാപ്രവർത്തകർ അവിടെ കൊണ്ടുവന്നിട്ടതാണ്. ബോധം വന്നതോടെ ജീവനുണ്ടെന്ന് കാണിക്കാൻ അവൻ കൈ വീശി. ഇതു ശ്രദ്ധയിൽപെട്ടതോടെയാണ് അവനെ ആശുപത്രിയിലേക്ക് മാറ്റിയത്.’ – മല്ലിക് വിശദീകരിച്ചു.

‘‘ജോലിക്കായി പോയ മകൻ രണ്ടു വർഷത്തിനു ശേഷമാണ് വീട്ടിലേക്കു വന്നത്. വെറും 15 ദിവസം നിന്നശേഷം മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. ജോലിക്ക് തിരികെ പോകണോ വേണ്ടയോ എന്നത് അവന്റെ ഇഷ്ടം. പിതാവെന്ന നിലയിൽ ഇനി പോകരുതെന്നാണ് എന്റെ അഭിപ്രായം. അവരെ തിരിച്ചു കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. പക്ഷേ അവന്റെ കൈകളുടെയും കാലുകളുടെയും അവസ്ഥ പരിതാപകരമാണ്. പണം എനിക്ക് പ്രശ്നമില്ല. അവനെ എങ്ങനെയെങ്കിലും രക്ഷപെടുത്തിയാൽ മതി. അവനെ കൊൽക്കത്തയിലെത്തിക്കുന്നതാണ് പ്രധാനപ്പെട്ടതെന്ന് മനസ്സിലാക്കിയാണ് ഇവിടേക്കു കൊണ്ടുവന്നത്. മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ച സഹായധനം വലിയ ആശ്വാസമാണ്. അവരോട് നന്ദിയുണ്ട്’ – മല്ലിക് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE