രണ്ടരവയസുകാരി കലത്തില്‍ കുടുങ്ങി; രക്ഷയ്ക്കെത്തി അഗ്നിരക്ഷാസേന

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിയ കുട്ടിയെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി. തിരുവനന്തപുരം ചെങ്കലിലെ രണ്ടര വയസുകാരിയാണ്  ശരീരം മുഴുവന്‍ കലത്തിനുള്ളിലായ അവസ്ഥയിലായത്. തിരുവനന്തപുരം ചെങ്കലിനടുത്ത് കുന്നുവളിയിലെ അഭിജിത്, അമൃത ദമ്പതികളുടെ മകള്‍ ഇവ ഇസ്മരിയയാണ് കലത്തില്‍ കുടുങ്ങിയത്. 

കലത്തില്‍ കയറിയിരുന്ന് കളിച്ചതാണ്. പക്ഷെ അരമുതല്‍ കീഴ്പോട്ട് മുഴുവനും കലത്തിനുള്ളിലായതോടെ പുറത്ത് കടക്കാനാവാത്ത അവസ്ഥയായി. വീട്ടുകാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കുട്ടിയെ പുറത്തെടുക്കാനാവാതെ വന്നതോടെയാണ് നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്. കട്ടര്‍ ഉപയോഗിച്ച് അലുമിനിയം കലം മുറിച്ചാണ് രക്ഷപെടുത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലെ സംഘം അരമണിക്കൂര്‍ പണിപെട്ടാണ് കുട്ടിക്ക് പോറല്‍ പോലുമേല്‍ക്കാതെ പുറത്തെടുത്തത്.