മാലദ്വീപില്‍ അവധിയാഘോഷിച്ച് സണ്ണി ലിയോണി

 മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് നടി സണ്ണിലിയോണിയും കുടുംബവും. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന സണ്ണി ലിയോണി തന്റെ യാത്രാവിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവയ്ക്കാറുണ്ട്. മാലദ്വീപിന്റെ സൗന്ദര്യത്തിൽ മതിമറന്നു ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു. കറുപ്പും വെള്ളയും നിറത്തിലും സ്വിം സ്യൂട്ടും പൂക്കളുകൾ കൊണ്ടുള്ള കിരീടവും അണിഞ്ഞു നിൽക്കുന്ന താരസുന്ദരി അപ്സരകന്യകപോൽ മനോഹരിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ''ഇറ്റ്സ് സോ ഗുഡ് '' എന്നാണ് താരം തന്റെ വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

മാലിദ്വീപിലെ രാ അറ്റോൾ എന്ന അതിസുന്ദരമായ ദ്വീപിലാണ് സണ്ണി ലിയോണി താമസിക്കുന്ന ബ്രെന്നിയ കൊട്ടേഫാറു എന്ന റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ചുറ്റിലും കടൽക്കാഴ്ചകൾ മാത്രമല്ല, വൈഡൂര്യ നിറത്തിലുള്ള ലഗൂണുകൾ, പാറക്കൂട്ടങ്ങൾ, ജൈവൈവിധ്യങ്ങൾ തുടങ്ങി ധാരാളം കാഴ്ചകൾ ഇവിടെയുണ്ട്. മാലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 40 മിനിറ്റ് സീപ്ലെയിനിൽ യാത്ര ചെയ്താൽ റിസോർട്ടിൽ എത്തിച്ചേരാം. ഇഫുറു വിമാനത്താവളത്തിൽ നിന്നും ഡൊമസ്റ്റിക് ഫ്ലൈറ്റിൽ 20 മിനിറ്റ് യാത്ര ചെയ്തതിനു ശേഷം സ്പീഡ് ബോട്ടിൽ 20 മിനിറ്റ് കൂടി യാത്ര ചെയ്താലും ബ്രെന്നിയ റിസോർട്ടിലെത്താം. പൂൾ വില്ലകളും ബീച്ച് വില്ലകളും ഓഷ്യൻ പൂൾ വില്ലകളുമടക്കം പലതരത്തിലുള്ള താമസം സന്ദർശകർക്കു താല്പര്യമനുസരിച്ചു തിരഞ്ഞെടുക്കാം. അത്യാധുനികവും ആഡംബരവും നിറഞ്ഞ മുറികളും വില്ലകളും ബ്രെന്നിയയുടെ എടുത്തു പറയേണ്ട സവിശേഷത തന്നെയാണ്.

കണ്ണെത്താദൂരത്തോളം കടലുമാത്രമുള്ള വിസ്മയിപ്പിക്കുന്ന ഒരു ലോകമാണ് ബ്രെന്നിയ റിസോർട്ടിനു ചുറ്റും. ഇവിടെയെത്തിയാൽ മണൽത്തീരങ്ങളിൽ വിശ്രമിച്ചിരിക്കാം എന്നു ചിന്തിക്കുന്ന സന്ദർശകർക്കു ശാന്തമായി സമയം ചിലവഴിക്കാം. എന്നാൽ ആഴക്കടലിന്റെ സൗന്ദര്യം കാണണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുണ്ട്. ധാരാളം ചെറുമൽസ്യങ്ങളും പവിഴപ്പുറ്റുകളുമെല്ലാം അതിഥികളുടെ കണ്ണിനു വിരുന്നൂട്ടാൻ ആ അടിത്തട്ടിലുണ്ട്. സ്‌നോർക്കലിങ് സഫാരി, ഡോൾഫിൻ ക്രൂയിസ്, ദ്വീപിലെ ഗ്രാമക്കാഴ്ചകളിലേക്ക് ഒരു ചെറുനടത്തം, മീൻപിടുത്തം, ജലകേളികൾ, ഡൈവിങ് തുടങ്ങിയ വിനോദങ്ങൾ അതിഥികൾക്ക് ആസ്വദിക്കാവുന്നതാണ്. ധാരാളം മൽസ്യവിഭവങ്ങൾ ഉൾപ്പെട്ടിട്ടുള്ളതാണ് ഇവിടുത്തെ സ്പെഷൽ മെനു. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം ഭക്ഷണങ്ങളെല്ലാം ഇവിടെയെത്തുന്ന അതിഥികൾക്കു ഒരുക്കി നൽകാറുണ്ട്. സ്പാ, ജിം പോലുള്ള സൗകര്യങ്ങളും റിസോർട്ടിലുണ്ട്.