അറുപതുകാരന് കൊലയാളി തേനീച്ചകളുടെ ആക്രമണം; വീല്‍ച്ചെയറില്‍ നിന്നും വീണു

one-legged-us-man-attacked-by-1-000-killer-bees-stung-over-250-times.jpg.image.845.440
SHARE

അപകടകാരികളായ കൊലയാളി തേനീച്ചകളുടെ ആക്രമണിത്തിന് ഇരയായി അംഗപരിമിതനായ അറുപതുകാരന്‍.   അമേരിക്കയിലെ അരിസോണയിലാണ് സംഭവം. കഴിഞ്ഞയാഴ്ച്ചയാണ് ഇതേ ഗണത്തില്‍പ്പെട്ട കൊലയാളി  തേനീച്ചകളുടെ ആക്രമണത്തില്‍ ആറ് ബസ് യാത്രക്കാര്‍ മരണപ്പെട്ടത്. ആഫ്രിക്കയിലെ നിക്കരഗ്വേയിലായിരുന്നു കുട്ടികളടക്കം കൊല്ലപ്പെട്ട സംഭവമുണ്ടായത്.

എട്ടു വര്‍ഷം മുന്‍പ് ഒരു കാല് നഷ്ടപ്പെട്ട ജോണ്‍ ഫിഷറിന്, വളര്‍ത്തു നായയായ പിപ്പനൊപ്പം പുറത്തിറങ്ങിയപ്പോഴാണ് തേനീച്ചകളുടെ കുത്തേറ്റത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വീടനടുത്ത് വെച്ച് ആക്രമണമുണ്ടായത്. അണുബാധയെത്തുടര്‍ന്ന് കാല്‍ നഷ്ടമായ ജോണിന്‍റെ പിന്നീടുള്ള ജീവിതം വീല്‍ച്ചെയറിലായിരുന്നു. കുത്തേല്‍ക്കുമ്പോഴും വീല്‍ച്ചെയറിലായിരുന്നു. ആയിരക്കണക്കിന് തേനിച്ചകളുടെ ആക്രമണത്തില്‍ കുത്തേറ്റതോടെ ബാലന്‍സ് തെറ്റി ജോണ്‍ നിലത്തുവീഴുകയായിരുന്നു. തറയില്‍ ഉരുണ്ട് രക്ഷപെടാന്‍ നോക്കിയെങ്കിലും തേനീച്ചകള്‍ ആക്രമണം തുടര്‍ന്നു. തേനീച്ചകള്‍ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. ചെറിയ തോതില്‍ ശല്യമുണ്ടായാല്‍ പോലും പ്രകോപിപ്പിക്കപ്പെടുന്നവയാണ് ഇവ. അഗ്നിശമന സേന  എത്തിച്ച ശക്തമായി വെള്ളമൊഴിച്ചാണ് തേനിച്ചകളെ  തുരത്തിയത്.  സാരമായി പരുക്കേറ്റ ജോണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചു

250തോളം കുത്തേറ്റ പാടുകൾ ശരീരത്തിലുണ്ടെന്ന് ജോൺ പറയുന്നു. ഇതിനുപുറമേ നിലത്ത് കിടന്ന് ഉരുണ്ടതിനെത്തുടർന്ന് മുറിവുകളും ഉണ്ടായിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. ഓടി നീങ്ങാൻ ശ്രമിച്ചെങ്കിലും വളർത്തു നായയ്ക്കും സാരമായി ആക്രമണം ഏറ്റിരുന്നു. 50 തവണയാണ് പിപ്പിന് കുത്തേറ്റത്. നായയെ മൃഗാശുപത്രിയിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. പിപ്പിൻ ആരോഗ്യം വീണ്ടെടുക്കാൻ സാധ്യതയേറെയാണെങ്കിലും ഇപ്പോഴും അതിന് ആഹാരം കഴിക്കാൻ സാധിക്കാത്ത നിലയിലാണ്.പ്രകോപനമുണ്ടായാൽ മറ്റു തേനീച്ചകളെക്കാൾ പത്തു മടങ്ങ് അധിക വേഗത്തിൽ ആക്രമിക്കുന്നതാണ് കൊലയാളി തേനീച്ചകളുടെ രീതി. ഇവയുടെ കുത്തേറ്റ് മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിച്ചതായുള്ള വാർത്തകൾ മുൻപും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ശക്തി കൊണ്ടുതന്നെയാണ് കൊലയാളി തേനീച്ചകളെന്ന് ഇവയ്ക്ക് വിളിപ്പേര് ലഭിച്ചത്.

MORE IN SPOTLIGHT
SHOW MORE