ഇന്നസെന്റ് മരിച്ചത് കാൻസർ കാരണമല്ല, അമേരിക്കയിലും പോയില്ല; അനുസ്മരിച്ച് ഡോക്ടർ ഗംഗാധരൻ

കാന്‍സർ ചികിത്സാകാലത്ത് ഇന്നസെന്റിന്റെ നിലപാടുകളും സമീപനങ്ങളും പറഞ്ഞ് ഡോക്ടർ വി പി ഗംഗാധരൻ. ഡോക്ടറെ 100ശതമാനം വിശ്വസിച്ചാണ് ഇന്നസെന്റ് ചികിത്സ നടത്തിയത്. അത് രോഗികൾ അനുവർത്തിക്കേണ്ട ഒന്നാംപാഠമാണ്. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൃത്യമായ ധാരണയുള്ള വ്യക്തിയായിരുന്നു ഇന്നസെന്റ്. ചികിത്സാകാലത്ത് പലയിടത്തു നിന്നും പല ഉപദേശങ്ങളും തനിയ്ക്ക് കിട്ടിയെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ‘ചിലർ പറയും മുള്ളൻചക്ക കഴിക്കാൻ, മറ്റു ചിലർ പറയും ഒറ്റമൂലി പരീക്ഷിക്കാൻ, എല്ലാവരും പറയുന്ന കാര്യങ്ങൾ കേൾക്കും, ആ മുള്ളൻചക്കയും ആത്തച്ചക്കയുമെല്ലാം വീടിന്റെ മൂലക്കൽ കിടപ്പുണ്ട്’. ഇതായിരുന്നു ഇന്നസെന്റിന്റെ നിലപാടെന്നും ഡോക്ടർ പറയുന്നു. അദ്ദേഹത്തിന്റെ ധാരണകൾ സങ്കൽപ്പിക്കാവുന്നതിനും അപ്പുറത്താണ്. അദ്ദേഹത്തിന്റെ പോസിറ്റിവിറ്റി മാത്രമല്ല ആ ധാരണയും മാതൃകയാക്കേണ്ടതാണെന്നും ഒരു പുസ്തക പ്രകാശനച്ചടങ്ങിനിടെ ഡോക്ടർ വ്യക്തമാക്കി. 

ഇന്നസെന്റ് വെറുമൊരു എട്ടാംക്ലാസുകാരനല്ല, പിഎച്ച്ഡിക്കാർ പോലും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാറുണ്ട്, അതൊന്നും ഇന്നസെന്റ് ചെയ്തില്ല, ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല, ലോകത്തിന്റെ ഏത് കോണിൽ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്നതായിരുന്നു ഇന്നസെന്റിന്റെ അഭിപ്രായമെന്ന് ഡോക്ടർ പറഞ്ഞു. ജ്യേഷ്ഠൻ അമേരിക്കയിൽ ഡോക്ടറാണ്, എപ്പോൾ വേണമെങ്കിലും ഇന്നസെന്റിനു യുഎസിനു പോകാൻ സാഹചര്യമുണ്ടായിരുന്നെന്നും ഡോക്ടർ ഓർമിച്ചു. ഇന്നസെന്റിന്റെ മരണവാർത്ത വന്ന ശേഷം പലരും വിളിച്ചു, എല്ലാവർക്കും അറിയേണ്ടത് കാൻസർ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നായിരുന്നു, കാൻസർ കാരണമല്ല ഇന്നസെന്റിന്റെ മരണമെന്നും ഡോക്ടർ പറയുന്നു. വിഡിയോ