പിതാവ് എത്തിച്ചത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍; തുണയായി പൊലീസുകാരന്‍റെ ഇടപെടല്‍

Image Credit: @adarshahgd | Twitter

സഹായങ്ങള്‍ ചെയ്ത് പലപ്പോഴും പൊലീസ് ജനങ്ങളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോളിതാ, വിദ്യാര്‍ഥിയെ ശരിയായ  പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് വീണ്ടും താരമായി മാറിയിരിക്കുകയാണ് ഒരു പൊലീസുകാരന്‍. ഗുജറാത്തിലാണ് സംഭവം. ബോര്‍ഡ് പരീക്ഷയ്ക്കായി മകളെ പിതാവ് കൊണ്ടുവിട്ടത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍.  പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രം മാറിപോയെന്ന കാര്യമറിയുന്നത്. ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ശരിയായ പരീക്ഷാ കേന്ദ്രത്തിലെത്താൻ വേണ്ടത് 20 കിലോമീറ്റർ കൂടിയുണ്ടെന്ന് വ്യക്തമായത്.

പരീക്ഷാ കേന്ദ്രത്തിലാക്കിയതിന് പിറകെ പിതാവ് മടങ്ങിപ്പോയിരുന്നു. പിതാവ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങുക കൂടി ചെയ്തതോടെ കൃത്യ സമയത്ത് പരീക്ഷയ്ക്ക് എത്തിച്ചേരാനാകുമോ എന്നായി ഭയം. ടെൻഷൻ അടിച്ച് നിന്ന വിദ്യാര്‍ഥിയെ പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ പൊലീസുകാരന്‍ ശ്രദ്ധിച്ചിരുന്നു. അടുത്ത് ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രം മാറിപോയെന്ന കാര്യം പറയുന്നത്. ഉടന്‍ തന്നെ പൊലീസ് ജീപ്പുമായി എത്തിയ പൊലീസുകാരന്‍ സൈറണും മുഴക്കി കുട്ടിയെ 20 കിലോമീറ്റര്‍ അകലെയുള്ള ശരിയായ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. 

കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കുക മാത്രമല്ല, കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കുകയും ചെയ്തു. കൃത്യസമയത്ത് ഹാളിലെത്തിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ വിദ്യാര്‍ഥിയുടെ ഒരു വര്‍ഷം നഷ്ടമാകുമായിരുന്നു.ആദര്‍ശ് ഹെഗ്ഡേ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്‍റെ അക്കൗണ്ടിലൂടെ സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ക്യത്യസമയത്തെ പൊലീസുകാരന്‍റെ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇത്തരത്തിലുള്ള  പൊലീസുകാരെയാണ് നാടിന് ആവശ്യമെന്നാണ് ജനങ്ങളുടെ പ്രതികരണം.

A policeman takes the student to the right exam centre