കാറില്‍ പറന്നെത്തി ബൈക്ക് യാത്രികനെ പിടികൂടി; ഹെല്‍മറ്റ് സമ്മാനിച്ചു; ഇതാ ഹെൽമറ്റ് മാൻ

Helmet Man
SHARE

ഇന്ത്യയിൽ ഓരോ വർഷവും ആയിരക്കണക്കിന് റോഡ് അപകടങ്ങളാണ് നടക്കുന്നത്. ഇതിൽ ഇരുചക്ര വാഹനാപകടങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഹെൽമെറ്റ് പോലുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതാണ് അപകടങ്ങൾ കൂടാൻ കാരണം. ഇപ്പോഴിതാ, ഇത്തരം അശ്രദ്ധരായ ഡ്രൈവർമാരെ ബോധവൽക്കരിക്കുകയും ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം  പഠിപ്പിക്കുകയും ചെയ്ത് ശ്രദ്ധനേടുകയാണ്  ബിഹാര്‍ സ്വദേശിയായ രാഘവേന്ദ്ര കുമാർ. 

‘ഇന്ത്യയുടെ ഹെൽമറ്റ് മാൻ’ എന്നാണ് രാഘവേന്ദ്ര കുമാർ അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നത്. ബൈക്ക് യാത്രയില്‍ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിച്ച്  ജനപ്രിയനായ വ്യക്തിയാണദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കിട്ട ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

വിഡിയോയില്‍ ഇദ്ദേഹം ഹെൽമറ്റ് ധരിച്ചാണ് കാർ ഓടിക്കുന്നത്.  യാത്രയ്ക്കിടെ ഹെൽമറ്റ് ഇല്ലാത്ത ഒരു ബൈക്ക് യാത്രികനെ കണ്ട് സിഗ്നലിലെത്തുമ്പോള്‍  തടഞ്ഞു നിർത്തിയ ശേഷം വിൻഡോയിലൂടെ ഒരു പുതിയ ഹെൽമറ്റ് ആ യാത്രികന് സമ്മാനിക്കുന്നതും വിഡിയോയിലുണ്ട്. ബൈക്ക് ഓടിക്കുമ്പോഴെല്ലാം അത് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വിഡിയോയിൽ അയാൾ കുമാറിന് നന്ദിയും പറയുന്നുണ്ട്. 

‘ഞാൻ കാര്‍ ഓടിക്കുമ്പോള്‍ 100 ന് മുകളിൽ സ്പീഡ് എടുക്കാറില്ല, പക്ഷേ ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ഹെൽമറ്റില്ലാതെ ഒരു ബൈക്ക് യാത്രികന്‍ എന്നെ മറികടന്നപ്പോൾ, അവന്റെ വേഗത ഞങ്ങളേക്കാൾ കൂടുതലായിരുന്നു.  അദ്ദേഹത്തിന് ഒരു സുരക്ഷാ ഹെൽമറ്റ് നൽകാൻ, എനിക്ക് എന്റെ കാർ 100 ന് മുകളിൽ ഓടിക്കേണ്ടിവന്നു, ഒടുവിൽ അവനെ പിടികൂടി’- എന്ന അടികുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.

ഇതാദ്യമായല്ല കുമാര്‍ ആളുകളെ ബോധവൽകരിക്കുന്നത്. ഹെൽമറ്റ് വാങ്ങുന്നതിനുവേണ്ടി ഗ്രേറ്റർ നോയിഡയിലെ വീടും ഭാര്യയുടെ ആഭരണങ്ങളും വരെ വിൽക്കാൻ കുമാർ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. രാഘവേന്ദ്ര കുമാറിന്‍റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന് ബൈക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം തന്റെ ബോധവല്‍ക്കരണ പ്രചാരണം ആരംഭിച്ചത്. സുഹൃത്തിന്‍റെ അപകടത്തെ കുറിച്ച് കുമാർ പറയുന്ന വാക്കുകളിങ്ങനെ; 2014ൽ നോയിഡയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്ക് വരികയായിരുന്ന എന്റെ ഒരു സുഹൃത്ത് അപകടത്തിൽ പെട്ടു. ആ സമയം സുഹൃത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല. തലയിൽ ആഴത്തില്‍ മുറിവേറ്റിരുന്നു. 8 ദിവസം വെന്റിലേറ്ററിൽ കിടന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ആശുപത്രി അധിക്യതര്‍ അന്ന് പറഞ്ഞിരുന്നത്.  ഹെൽമെറ്റ് ധരിക്കാത്തതുകൊണ്ട് മാത്രം ഓരോ വർഷവും ധാരാളം ആളുകൾ ഇങ്ങനെ മരിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കി. അങ്ങനെയാണ് ഹെൽമെറ്റ് നൽകി ആളുകളെ ബോധവല്‍ക്കരിക്കുന്ന പ്രചാരണത്തിലേക്ക് ഇറങ്ങി തിരിക്കുന്നത്.

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും മാതൃകയാണ് ഇന്ത്യയുടെ ഹെൽമറ്റ് മാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഘവേന്ദ്ര കുമാർ.

 India's Helmet Man giftes helmet to a youngman

MORE IN SPOTLIGHT
SHOW MORE