ചിത്രം; എക്സ്
ഇനിയൊരിക്കലും യാത്രക്കായി റാപിഡോ തിരഞ്ഞെടുക്കില്ലെന്ന് ബംഗളൂരു സ്വദേശിയായ യുവതിയുടെ പോസ്റ്റ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അമിഷ അഗര്‍വാളാണ് റാപിഡോ കമ്പനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. അപകടത്തില്‍ പരുക്കേറ്റ കാലുകളുടെ ചിത്രം കൂടി പങ്കുവെച്ചായിരുന്നു യുവതിയുടെ പോസ്റ്റ്.
റാപിഡോ ബൈക്ക് ബുക്ക് ചെയ്താണ് കഴിഞ്ഞ വെള്ളിയാഴ്ച താന്‍ യാത്ര ആരംഭിച്ചത്.എന്നാല്‍ ട്രാഫിക് നിയമമെന്തെന്നറിയാത്തൊരു ഡ്രൈവര്‍,അതിവേഗതയില്‍ സിഗ്നല്‍ പോലും മറന്നു. ഇന്‍ഡിക്കേറ്റര്‍ പോലുമിടാതെ അശ്രദ്ധമായി സര്‍വീസ് റോഡിലേക്ക് കയറി.പിന്നാലെ കാറുമായി കൂട്ടിയിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് യുവതിയുള്‍പ്പെടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എന്നാല്‍ അപകടം കഴിഞ്ഞിട്ടും യാതൊരു കൂസലുമില്ലാതെ, ഡ്രൈവര്‍ തന്നെ ആശുപത്രിയില്‍ പോലുമെത്തിക്കാതെ കടന്നുകളയുകയായിരുന്നെന്നും യുവതി പറയുന്നു. അതേസമയം ബൈക്കുമായി കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവറാണ് തനിക്ക് സഹായം നല്‍കിയതെന്നും യുവതി വ്യക്തമാക്കുന്നു.
റാപിഡോ കമ്പനിക്കെതിരെ പരാതിപ്പെടുന്നില്ലെന്നും ജീവിതത്തോട് കൊതിയുള്ളവരാണെങ്കില്‍ തീര്‍ച്ചയായും കമ്പനിയുടെ ഇരുചക്രയാത്ര ഒഴിവാക്കണമെന്നും യുവതി പറയുന്നു. യുവതിയുടെ പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ചു രംഗത്തെത്തിയത്. താന്‍ ഈയിടെയായി കാര്‍ മാത്രമാണ് യാത്രക്കായി ബുക്ക് ചെയ്യുന്നതെന്നും ബൈക്കും ഓട്ടോയും മോശം അനുഭവമാണ് തനിക്ക് തന്നതെന്നും ഒരു യുവതി കമന്റ് ചെയ്തു. എല്ലാ ഡ്രൈവര്‍മാരും മോശമെന്നല്ല, ഭൂരിഭാഗവും അങ്ങനെയാണെന്നും യുവതി പറയുന്നു.
യുവതിയുടെ പോസ്റ്റിനോട് പ്രതികരിച്ച് റാപിഡോ കമ്പനിയും രംഗത്തെത്തി. വേഗം സുഖം പ്രാപിക്കട്ടെ, പുതിയ നിയമപ്രകാരം ഈ സംഭവത്തില്‍ കേസെടുക്കാനാകുമോ എന്ന് നോക്കാമെന്നും കമ്പനി പ്രതികരിച്ചു.