ഗുരുവായൂരിൽ പാൽപ്പായസമൊരുക്കാൻ പുതിയ ഉരുളി; 1500 ലീറ്ററിന്റെ ചരക്ക് വഴിപാട്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം ഒരുക്കാന്‍ പുതിയ ഭീമന്‍ ഉരുളിയെത്തി.  നാലുകാതന്‍ ചരക്ക്   വഴിപാടായാണ് ലഭിച്ചത്.  രണ്ടേക്കാല്‍ ടണ്‍ ഭാരമുള്ള ചരക്ക് ക്ഷേത്രത്തില്‍ ഇറക്കിയത് ക്രെയിന്‍ ഉപയോഗിച്ചാണ്. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം തയാറാക്കാന്‍ നിലവില്‍ ആയിരം ലിറ്ററിന്റെ ഉരുളിയാണ് ഉപയോഗിച്ചിരുന്നത്. കൂടുതല്‍ പായസം നിര്‍മിക്കാന്‍ വലുതൊരെണ്ണം ക്ഷേത്രത്തിന് ആവശ്യമായി വന്നു. അങ്ങനെയാണ്, 1500 ലിറ്ററിന്റെ നാലുകാതന്‍ ചരക്ക് വഴിപാടായി കിട്ടിയത്. ഗുരുവായൂരപ്പ ഭക്തനായ ചേറ്റുവ സ്വദേശി എന്‍.ബി.പ്രശാന്തനാണ് ഇതു സമര്‍പ്പിച്ചത്. മുപ്പതുലക്ഷം രൂപയാണ് ചെലവ്. പ്രവാസിയാണ് പ്രശാന്തന്‍.

രണ്ടേകാൽ ടൺ ഭാരമുള്ള ചരക്ക് ക്രെയിൻ ഉപയോഗിച്ച് അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള തിടപ്പള്ളിയിലെ അടുപ്പിൽ ഇറക്കി.  ആലപ്പുഴയിലാണ് ഇതു നിര്‍മിച്ചത്. നാല്‍പതു പേര്‍ നാലു മാസത്തോളം പ്രയത്നിച്ചാണ് നിര്‍മിച്ചത്.   ബുധനാഴ്ച പുതിയ ചരക്കിൽ പാൽ പായസം തയ്യാറാക്കി ഗുരുവായൂരപ്പന് സമർപ്പിക്കും. പായസം പിന്നീട് പ്രസാദ ഊട്ടിൽ വിളമ്പും.