പള്ളിശ്ശേരി മനയിൽ മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി

ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ മധുസൂദനൻ നമ്പൂതിരിയെ  തിരഞ്ഞെടുത്തു. നാല്‍പത്തിയഞ്ചു പേരില്‍ നിന്ന് നറുക്കിട്ടെടുത്താണ് മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്.

മധുസൂദനൻ നമ്പൂതിരി രണ്ടാം തവണയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാകാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ മേല്‍ശാന്തി സ്ഥാനത്തേയ്ക്കു അപേക്ഷിച്ചത് അന്‍പത്തിയാറു പേര്‍. കൂടിക്കാഴ്ചയ്ക്ക് എത്തിയത് അന്‍പതു പേരാണ്. ഇവരില്‍ നിന്ന് നാല്‍പത്തിയഞ്ചു പേരെ ആദ്യം തിരഞ്ഞെടുത്തു. ഇതില്‍ നിന്ന് നറുക്കിട്ടെടുത്താണ് മധുസൂദനന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. യോഗ്യരായവരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിലിട്ട് നിലവിലെ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയാണ് നറുക്കെടുത്തത്.  

നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. 20 വർഷമായി കൊച്ചിൻ ദേവസ്വം ബോർഡിൽ സേവനമനുഷ്ഠിക്കുന്നു. ചോറ്റാനിക്കര ,പനങ്ങാട്ടുകര ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നാണ് പൂജാ വിധികൾ പഠിച്ചത്.  നിയുക്ത മേൽശാന്തി ഈ മാസം 20 മുതൽ ക്ഷേത്രത്തിൽ ഭജനമിരിക്കും. 31ന് രാത്രിഅടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും. ഏപ്രിൽ ഒന്നുമുതൽ ആറുമാസമാണ് കാലാവധി.