വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ റോട്ട്‌വൈലർ; പരിചരിച്ച് സമീപത്തെ വീട്ടുകാർ

വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിദേശ ഇനത്തിലുള്ള നായയെ തേടി ഉടമസ്ഥർ ഇന്നലെയും എത്തിയില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് ദേശീയപാതയോരത്ത് കലവൂർ ബസ് സ്റ്റാൻഡിന് സമീപം കടത്തിണ്ണയിൽ നായയെ പൂട്ടിയിട്ട നിലയിൽ കാണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് വെറ്റിനറി സർജൻ പരിശോധിച്ച് നായയ്ക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നു കണ്ടെത്തി. നായയെ താൽക്കാലികമായി പരിചരിക്കുന്നതിന് സമീപത്തെ വീട്ടുകാരെ ഏൽപ്പിച്ചിരിക്കുകയാണ്. 

പതിനായിരത്തിലധികം രൂപ വിലയുള്ള റോട്ട്‌വൈലർ ഇനത്തിലുള്ള നായയാണിത്. അതേസമയം നായയെ കാണുവാൻ ഒട്ടേറെപ്പേർ വരുന്നുണ്ടെങ്കിലും ഇപ്പോൾ പരിപാലിക്കുന്ന വീട്ടുകാർ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. നായ ഭക്ഷണം കഴിക്കാത്തതിനാൽ ഇന്നലെ മൃഗാശുപത്രിയിൽ കൊണ്ടുപോയിരുന്നു.

ഉടമസ്ഥൻ ഒപ്പമുണ്ടെങ്കിൽ അനുസരണ കാണിക്കുകയും ഉടമസ്ഥൻ ഇല്ലെങ്കിൽ എതിരെ നിൽക്കുന്നയാൾക്കു നേരെ ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യും. കരുത്തനായ, ബുദ്ധി കൂടിയ നായയാണ് റോട്ട്‌വൈലർ നായകളിൽ ഇടത്തരം മുതൽ വലുപ്പമുള്ളവ വരെയുള്ള വിഭാഗത്തിലാണ് റോട്ട്‌വൈലറിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. അസൽ ഇനങ്ങൾക്ക് 7,000 മുതൽ 20,000 രൂപ വരെയാണ് വില. ഡോബർമാൻ ഉൾപ്പെടെ മറ്റു നായ ഇനങ്ങളുമായി ഇണചേർത്ത് സൃഷ്ടിക്കുന്ന സങ്കര ഇനങ്ങൾ കൂടുതൽ ആക്രമണ സ്വഭാവം കാണിക്കാറുണ്ട്.