അടുക്കളയിൽ ഉമ്മയ്ക്കു കൂട്ട് പാത്തൂട്ടി എന്ന റോബട്; നിർമിച്ച് പ്ലസ് ടു വിദ്യാർഥി

വേങ്ങാട് മെട്ടയിലെ റിച്ച് മഹലിൽ ചാത്തോത്ത് മുഹമ്മദ് ഷിയാദ് നിർമിച്ച റോബട് അടുക്കള ജോലിയിൽ ഉമ്മയ്ക്ക് തുണയാകുന്നു. വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ ഷിയാദ് നിർമിച്ച ഹൗസ് സെർവന്റ് വീട്ടിലെ തീൻമേശയിൽ ഭക്ഷണമെത്തിക്കുന്നതിനും പാത്രങ്ങളും മറ്റും തിരിച്ചു കൊണ്ടുപോകാനും സദാ സജ്ജമാണ്. അടുക്കളയിൽ ഒരു സഹായിയെ കിട്ടിയ സന്തോഷത്തിലാണ് ഉമ്മ സറീന.

പാത്തൂട്ടി എന്ന് പേരിട്ട റോബട്ടിനെ നിർമിക്കുന്നതിന് ആവശ്യമായ വസ്തുക്കളെല്ലാം മകന് എത്തിച്ച് കൊടുത്തത് പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ പിതാവ് അബ്ദുൽ റഹ്മാനാണ്. അടുക്കളയിൽ നിന്ന് ഡൈനിങ് ഹാളിലേക്ക് ഒരു കറുത്ത പാത്ത്(ബ്ലാക്ക് ലൈൻ) സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് മോഡിൽ ഈ വഴി തിരിച്ചറിഞ്ഞ് ഈ റോബട് അടുക്കളയിൽ നിന്ന് ഡൈനിങ് ഹാളിലേക്ക് പരസഹായം കൂടാതെ സഞ്ചരിക്കും. പാത്ത് ഇല്ലാത്ത സ്ഥലങ്ങളിൽ മാന്വൽ മോഡ് ഉപയോഗിക്കാം. 

ഈ പ്രൊജക്ട് ഞാൻ സ്വന്തമായി ഡിസൈൻ ചെയ്തതാണ്. ഇതിന് ആവശ്യമായ കോഡിങ് വർക്കുകൾ ചെയ്ത് സഹായിച്ചത് എന്റെ ക്ലാസിൽ പഠിക്കുന്ന അർജുനൻ എന്ന കൂട്ടുകാരനാണ്. സാങ്കേതിക പ്രവർത്തനം നിയന്ത്രിക്കുന്നതിന് എംഐടി ആപ് ഇൻവെന്റർ വഴി നിർമിച്ച മൊബൈൽ ആപ്ലിക്കേഷനും അഡ്മെഗാ മൈക്രോ കൺട്രോളറും ഐആർ സെൻസറുകളും അൾട്രാസോണിക് സെൻസറുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്.–ഷിയാദ് പറഞ്ഞു. നിർമാണത്തിന് അനുജൻ ഷിയാസും സഹായിച്ചു.