ഗൂഗിൾ മാപ്പ് വഴികാണിച്ചു; ഉത്തരാഖണ്ഡിൽ നിഗൂഢ തടാകം കണ്ടെത്തി

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ആരും കാണാതെ സ്ഥിതി ചെയ്ത തടാകം കണ്ടെത്തി പര്യവേക്ഷകർ. 160 മീറ്റർ നീളവും 155 മീറ്റർ വീതിയുമുള്ള തെളിനീർ തടാകം സ്ഥിതി ചെയ്യുന്നത് ഭൗമനിരപ്പിൽ നിന്ന് 16000 അടി ഉയരത്തിലാണ്. ഈ തടാകത്തിന് പേരൊന്നും ഇതുവരെ നൽകിയിട്ടില്ല. ഇരുപത്തിയഞ്ചുവയസ്സുകാരനായ അഭിഷേക് പൻവാറും അഞ്ച് അംഗങ്ങളും അടങ്ങിയ സംഘമാണ് തടാകം കണ്ടെത്തിയത്. ഹിമാലയത്തിലെ ഗർവാൾ മേഖലയിൽ അടുത്തിടെ നടത്തിയ ട്രക്കിങ്ങിലാണ് തടാകം കണ്ടത്. ആകാശ്, വിനയ്, ലളിത് മോഹൻ, അരവിന്ദ്, ദീപക് എന്നിവരാണ് മറ്റു സംഘാംഗങ്ങൾ. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, തെഹ്രി, പൗരി ഗർവാൽ മേഖലയിൽ നിന്നുള്ളവരാണ് ഇവർ.

രുദ്രപ്രയാഗ് ജില്ലയിൽ നേരത്തെയും ട്രെക്കിങ് സംഘങ്ങൾ തടാകങ്ങൾ സന്ദർശിക്കാറുണ്ട്. വാസുകി താൽ, ബസൂരി താൽ, ദേവ്‌റിയ താൽ, ബദാനി താൽ, സജൽ സരോവർ, നന്ദി കുണ്ഡ് തുടങ്ങിയവയാണ് ഇത്. ഗൂഗിൾ മാപ്പിൽ ഈ തടാകത്തിന്റെ ഉപഗ്രഹദൃശ്യം കണ്ടെത്തിയതാണ് അഭിഷേകിനെയും സംഘത്തിനെയും ഇതു നേരിൽ കാണാനുള്ള ട്രെക്കിങ് ശ്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യം കോവിഡ് ലോക്ഡൗണിന്റെ പിടിയിലായിരുന്ന സമയത്തായിരുന്നു ഇത്. വീട്ടിൽ വെറുതെയിരിക്കവേ ഗൂഗിൾ മാപ്പുപയോഗിച്ച് ഉത്തരാഖണ്ഡിലെ വിവിധ മേഖലകൾ ഇവർ നിരീക്ഷിച്ചു. അങ്ങനെയിരിക്കെയാണ് സംഘാംഗങ്ങളിലൊരാൾ മാപ്പിൽ തടാകം കണ്ടത്.

തുടർന്ന് ഈ വിവരം സംഘത്തിലെ മറ്റുള്ളവർക്കിടയിൽ ഇവർ പങ്കുവച്ചു. പഴയമാപ്പുകളും മറ്റും പരിശോധിച്ച് അങ്ങോട്ടേക്കെത്താനുള്ള വഴി ഇവർ തീർച്ചപ്പെടുത്തി. അഭിഷേക് പൻവാർ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്നയാളും മേഖലയെപ്പറ്റി നല്ല അറിവുള്ളയാളുമായത് ഗുണകരമായി.അഭിഷേകിന്റെ ഗ്രാമമായ ഗൗണ്ടറിൽ നിന്നു 11 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിയ സംഘം മദ്മഹേശ്വർ എന്ന തീർഥാടന സ്ഥലത്തെത്തി. 

മദ്മഹേശ്വർ പ്രശസ്തമായ ശിവക്ഷേത്രവും കേദാർനാഥ്, രുദ്രനാഥ്, തുംഗ്നാഥ്, കൽപേശ്വർ എന്നീ ക്ഷേത്രങ്ങൾക്കൊപ്പം പഞ്ച് കേദാരങ്ങളായി പരിഗണിക്കപ്പെടുന്നതുമാണ്. അവിടെ നിന്ന് 6 ദിവസം യാത്ര ചെയ്താണ് തടാകതീരത്തെത്താൻ സംഘത്തിനു സാധിച്ചത്. കടുത്ത തണുപ്പിനെയും ദുഷ്‌കരമായ പ്രതലത്തെയും അഭിമുഖീകരിച്ചായിരുന്നു ഇവരുടെ യാത്ര. തടാകതീരത്തെത്തിയ ശേഷം 25 മിനിറ്റ് സംഘം അവിടെ ചെലവഴിക്കുകയും ഫോട്ടോകളും വിഡിയോകളും മറ്റുമെടുക്കുകയും ചെയ്തു.