മോദി ചീറ്റകളുടെ ചിത്രമെടുത്തത് ക്യാമറയുടെ ക്യാപ് മാറ്റാതെയോ?; സത്യമിങ്ങനെ

പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളെ കൂട്ടിൽനിന്നു തുറന്നുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ നേരിട്ടെത്തിയിരുന്നു. ഇതിനൊപ്പം അദ്ദേഹം ക്യാമറയിൽ‌ ചീറ്റകളുടെ ചിത്രം പകർത്തുന്ന ദൃശ്യങ്ങളും വൈറലായി. ചീറ്റകളുടെ  ചിത്രം മോദി എടുക്കുമ്പോൾ ക്യാമറയുടെ ക്യാപ് മാറ്റിയില്ല എന്ന തരത്തിൽ ട്രോളുകളും പ്രചരിച്ചു.തൃണമൂൽ കോൺഗ്രസ് എം.പി ജവഹർ സിർകാറും ഈ ചിത്രം പങ്കിട്ടു. 

എന്നാൽ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി ഒട്ടേറെ നേതാക്കൾ രംഗത്തെത്തി. കാനൻ കവറുള്ള നിക്കോൺ ക്യാമറയാണ് പ്രചരിക്കുന്ന വ്യാജ ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നും മോദി ചിത്രമെടുത്തത് നിക്കോണ്‍ ക്യാമറയിലാണെന്നും ബി.ജെ.പി നേതാവ് സുകാന്ത മജുംദാർ ട്വീറ്റ് ചെയ്തു. ഇതോടെ തൃണമൂൽ എംപി ട്വീറ്റ് പിൻവലിച്ചു.

5 പെണ്ണും 3 ആണും ഉൾപ്പെടെ 8 ചീറ്റകളാണ് എത്തിയിരിക്കുന്നത്. ബോയിങ് 747 വിമാനത്തിൽ നമീബയയിൽനിന്ന് ആദ്യം ഗ്വാളിയോറിലേക്കും പിന്നീടു വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കുനോ പാർക്കിനടുത്തെ പാൽപുരിലും എത്തിച്ച് കൂട്ടിലാക്കിയിരുന്നു. അവസാനമുണ്ടായതെന്നു കരുതപ്പെട്ട 3 ചീറ്റകളും 1947 ൽ വേട്ടയാടപ്പെട്ടതോടെയാണു ഇന്ത്യയിൽ ഇവയ്ക്കു വംശനാശം സംഭവിച്ചത്. 1952 ൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009 ലാണ് ചീറ്റകളെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയത്. തുറന്നുവിട്ട 8 ചീറ്റകളുടെയും സഞ്ചാരപഥം മനസ്സിലാക്കാൻ ജിപിഎസ് സംവിധാനമുള്ള സാറ്റലൈറ്റ് റേഡിയോ കോളർ അണിയിച്ചിട്ടുണ്ട്.