കാറിൽത്തട്ടി വീണു; പോസ്റ്റൊടിഞ്ഞ് തലയിൽ; രക്ഷിച്ച് ഹെൽമറ്റ്; വിഡിയോ

ഇരുചക്ര വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ വിഡിയോ പങ്കുവച്ച് ഡൽഹി പൊലീസ്. 16 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ലഘു വിഡിയോയിൽ, ഒരു യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നതു കൊണ്ടു മാത്രം സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് വൻ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണുള്ളത്. ‘ഹെൽമറ്റ് ധരിക്കുന്നവരെ ദൈവം രക്ഷിക്കുന്നു’ എന്ന ക്യാപ്ഷനോടു കൂടിയാണ് ഡൽഹി പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളെന്നു തോന്നിക്കുന്ന വിഡിയോയിൽ, ആദ്യം കാണുന്നത് പതുക്കെ നീങ്ങുന്ന ഒരു കാറാണ്. തൊട്ടടുത്ത നിമിഷം ഇടതുവശത്തുകൂടി കുതിച്ചെത്തുന്ന ഒരു ബൈക്ക് കാറിൽത്തട്ടി തെറിക്കുന്നത് കാണാം. ബൈക്ക് ഓടിച്ചിരുന്ന യുവാവ് തെറിച്ച് മൂക്കുകുത്തി വീഴുന്നത് ദൃശ്യങ്ങളിലുണ്ട്.

ഹെൽമറ്റ് കൃത്യമായി ധരിച്ചിരുന്നതിനാൽ വീഴ്ചയിൽ തലയ്ക്ക് അപകടമൊന്നും പറ്റാതിരുന്ന യുവാവ് പതുക്കെ എഴുന്നേൽക്കുമ്പോഴാണ് അടുത്ത അപകടം. കാറിൽത്തട്ടി തെറിച്ച ബൈക്ക് നിരങ്ങിനീങ്ങി റോഡരികിൽ ലൈറ്റ് സ്ഥാപിച്ചിരുന്ന പോസ്റ്റിൽ ഇടിച്ചിരുന്നു. യുവാവ് എഴുന്നേൽക്കുമ്പോഴേയ്ക്കും ഈ പോസ്റ്റ് ഒടിഞ്ഞ് യുവാവിന്റെ തലയിൽ വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇക്കുറിയും ഹെൽമറ്റ് യുവാവിന് രക്ഷയായെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തം.