25 കോടിയുടെ ഓണം ബംപര്‍ ഇതുവരെ വിറ്റത് 272 കോടിക്ക്; ഭാഗ്യവാന് 15.75 കോടി

File Photo

തിരുവനന്തപുരം: ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ വർഷം ഇന്നലെ വരെ 54.50 ലക്ഷം ടിക്കറ്റുകൾ വിറ്റു. അച്ചടിച്ചതിൽ ശേഷിക്കുന്നത് 5 ലക്ഷം ടിക്കറ്റുകളാണ്. ഇതുകൂടി വിറ്റുപോകുന്നതോടെ വിൽപന 60 ലക്ഷത്തിനടുത്ത് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കണോ എന്ന് ഇന്നു വൈകിട്ടോടെ തീരുമാനിക്കും. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംപറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 18നാണ്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാനത്തുക 12 കോടിയും.

54.50 ലക്ഷം ടിക്കറ്റുകൾ വിറ്റപ്പോൾ 272.50 കോടി രൂപയാണ് സര്‍ക്കാരിലേക്കെത്തുന്നത്. എന്നാൽ, ഈ തുക മുഴുവൻ സർക്കാരിനു ലഭിക്കില്ല. ഏജൻസി കമ്മിഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ.

ഓണം ബംപറിന്റെ ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്ക് ലഭിക്കും. സുരക്ഷാ കാരണങ്ങളാൽ ഓണം ബംപർ ഫ്ലൂറസെന്റ് മഷി ഉപയോഗിച്ചാണ് അച്ചടിച്ചത്. ആദ്യമായിട്ടാണ് കേരളത്തിലെ ലോട്ടറിയിൽ ഫ്ലൂറസെന്റ് മഷി ഉപയോഗിച്ചത്. സി ആപ്റ്റിലായിരുന്നു അച്ചടി. ലോട്ടറി വകുപ്പിന് ഒരു വർഷം ആറു ബംപർ സമ്മാന ഭാഗ്യക്കുറികളാണുള്ളത്.