ഭാഗ്യാന്വേഷികൾ ജാഗ്രതൈ.; സംസ്ഥാനത്ത് സജീവമായി ലോട്ടറി മാഫിയ; വൻ ഒത്തുകളി

ഭാഗ്യാന്വേഷികളെ കബളിപ്പിച്ച് പണം തട്ടുന്ന ലോട്ടറി മാഫിയ സംസ്ഥാനത്ത് സജീവം. അവസാന നാല് അക്കങ്ങള്‍ ഒരേപോലെയുള്ള കേരള സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സെറ്റായി വില്‍പന നടത്തിയാണ് തൊടുപുഴയിലെ സംഘം തട്ടിപ്പ് നടത്തുന്നത്. സമീപ ജില്ലകളിൽ നിന്നുള്ളവര്‍പോലും തട്ടിപ്പിനായി തൊടുപുഴയിൽ എത്തുന്നുണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് എന്റെ കൈവശമുള്ളത്. 8792 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റ്. അവസാന 4 അക്കങ്ങൾ ഒരുപോലെ വരുന്ന വിവിധ സീരീസുകളിലുള്ള 12 ടിക്കറ്റുകള്‍ മാത്രമേ ഒരു ഏജന്‍സിക്ക് വില്‍ക്കാന്‍ പറ്റു. പക്ഷെ 120 ടിക്കറ്റുകൾ വരെയാണ് സെറ്റായിട്ട് ചില വന്‍കിട ഏജന്റുമാര്‍ വിൽപന നടത്തുന്നത്. ഇതിന് പിന്നില്‍ സംസ്ഥാന വ്യാപകമായി വന്‍ ഒത്തുകളിയാണ് നടക്കുന്നത്.

തട്ടിപ്പ് തമിഴ്നാട്ടിലേക്കും വിദേശത്തേക്കും നീളും. ഉദാഹരണത്തിന് 12 ടിക്കറ്റുകള്‍ വരുന്ന 4 സെറ്റുകള്‍ കൈവശമുണ്ടെന്ന് വാട്സാപ്പിലൂടെ അറിയിച്ച് പലരില്‍ നിന്നായി പണം കൈവശമാക്കും. സമ്മാനമടിച്ചാല്‍ കുറച്ച് പേര്‍ക്കൊക്കെ പണം നല്‍കി തടിയൂരും, സമ്മാനമില്ലെങ്കില്‍ ലഭിക്കുന്ന പണം മുഴുവന്‍ തട്ടിപ്പ് സംഘത്തിന്റെ പോക്കറ്റിലേക്കെത്തും അവസാന നാലക്കങ്ങൾ ഒരേ നമ്പറിൽ വരുന്ന ടിക്കറ്റിന് സമ്മാനത്തുക ചെറുതാണെങ്കിലും ഒരേ നമ്പറിൽ കൂടുതൽ ടിക്കറ്റ് എടുക്കുമ്പോൾ വലിയ തുക സമ്മാനമായി ലഭിക്കും. ഇതു മുതലാക്കിയാണ് ലോട്ടറി ചൂതാട്ടം നടത്തുന്നത്. ഇത് കേരളത്തിൽ ഒരിടത്ത് മാത്രമുള്ള തട്ടിപ്പല്ല. അറിഞ്ഞും അറിയാതെയും ഒട്ടേറെപേർ ഈ തട്ടിപ്പിൽ ഭാഗമാകുന്നുണ്ട്. ജീവിതം തകർന്നവരുടെ ഒട്ടേറെ ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്. ചൂതാട്ട ലോബിയെ തകർക്കാൻ സർക്കാർ തന്നെ അടിയന്തരമായി ഇടപെടണം.