130 കിലോ ഭാരം, 6 മീറ്റർ നീളം, ചൂണ്ടയിൽ കുരുങ്ങിയത് കൂറ്റൻ ഓർ മത്സ്യം; അമ്പരന്ന് കാഴ്ചക്കാർ

കിഴക്കൻ തായ്‌വാനിലെ മത്സ്യത്തൊഴിലാളിയുടെ ചൂണ്ടയിൽ കുരുങ്ങിയത് കൂറ്റൻ ഓർ മത്സ്യം. 130 കിലോ ഭാരവും 6 മീറ്ററോളം നീളവുമുള്ള വമ്പൻ മത്സ്യത്തെയാണ് 31കാരനായ ലിൻ അയ് ഫാൻ എന്ന മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. അപൂർവമായി മാത്രമെ ആഴക്കടലിൽ വസിക്കുന്ന ഈ മത്സ്യം ജലോപരിതലത്തിലേക്കെത്താറുള്ളൂ. ഇവ ചൂണ്ടയിൽ കുരുങ്ങുന്നതും വിരളമാണ്.  സിയാങ്‌ലാൻ തീരത്തുനിന്നാണ് മത്സ്യത്തെ ലഭിച്ചത്. ചൂണ്ട വലിയുന്നത് കണ്ട് മത്സ്യത്തെ പിടിക്കാൻ ശ്രമിച്ചപ്പോഴാണ് കൂറ്റൻ മത്സ്യമാണ് ചൂണ്ടയിൽ കുരുങ്ങിയതെന്ന് മനസ്സിലായത്. 40 മിനിട്ടോളം പരിശ്രമിച്ച ശേഷമാണ് മത്സ്യത്തെ വലിച്ചുയർത്താനായത്. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടിയറിയുന്ന ഈ മത്സ്യങ്ങൾൾ ‘വ്യാളിയുടെ കൊട്ടാരത്തിൽ നിന്നുള്ള ദൂതൻമാരെന്നാണ്’ തായ്‌വാനില്‍ അറിയപ്പെടുന്നത്. നിരവധിയാളുകളാണ് മത്സ്യത്തെ കിട്ടിയതറിഞ്ഞ് ഇതിനെ കാണാൻ മത്സ്യമാർക്കറ്റിലേക്കെത്തിയത്.

ആഴക്കടലിൽ മാത്രം കാണപ്പെടുന്നവയാണ് ഓർ മത്സ്യങ്ങൾ. വളരെ അപൂർവമായി ഇവ ചില കടൽത്തീരങ്ങളിൽ ജീവനോടെയോ അല്ലാതെയോ കാണപ്പെടാറുണ്ട്. കടലിൽ ഏകദേശം 1640 അടിയോളം താഴെയാണ് ഇവയുടെ വാസം. എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. 

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർമത്സ്യങ്ങൾ. വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം .പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്. ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണിവ. സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങൾക്കു മുന്നോടിയായി ഓർമത്സ്യങ്ങൾ തീരത്തടിയുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്. വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്.ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. സുനാമിയോ ഭൂകമ്പമോ പോലെയുള്ള ദുരന്ത സൂചനയുമായാണ് ഈ മത്സ്യങ്ങൾ കരയിലേക്കെത്തുന്നത്. സമാനമായ രീതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഓർ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ ജലോപരിതലത്തിലെത്താൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. ഇതൊക്കെ അന്ധവിശ്വാസമാണെന്ന് ഗവേഷകർ ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും പലരും ഉള്‍ക്കൊള്ളാൻ തയാറായിട്ടില്ല.