അപകടത്തില്‍ ശരീരം തളര്‍ന്നു, പക്ഷേ മനസ്സ് തളര്‍ത്തിയില്ല; ഇത് ഗണേഷിന്റെ ജീവിതം

അപകടത്തില്‍ ശരീരം തളര്‍ന്നിട്ടും നിത്യവൃത്തിക്കായി വീല്‍ചെയറില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്ര.  ചെന്നൈ സ്വദേശിയായ ഗണേഷ് മുരുഗന്‍ എന്ന 37-കാരനാണ് വീഡിയോയിലുള്ളത്. ആറു വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് ഗണേഷിന് നട്ടെല്ലിന് പരിക്ക് പറ്റുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരം ഭാഗികമായി തളര്‍ന്നുപോയി. എന്നാല്‍, തനിക്ക് പറ്റിയ അപകടത്തില്‍ ശരീരത്തിനൊപ്പം മനസ്സിനെയും തളര്‍ത്താന്‍ ഗണേഷ് അനുവദിച്ചില്ല. അദ്ദേഹം മോട്ടോര്‍ പിടിപ്പിച്ച വീല്‍ചെയറില്‍ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. ഐ.ഐ.ടി. മദ്രാസ് വികസിപ്പിച്ചെടുത്ത വീല്‍ചെയറാണ് ഗണേഷ് ഉപയോഗിക്കുന്നതെന്ന് ദിപാന്‍ഷു കബ്ര പറഞ്ഞു. ഗണേഷിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.