ഹെലികോപ്റ്ററിന് വേറിട്ടൊരു രൂപമാറ്റം; കൗതുകമുള്ള ആശയവുമായി ദമ്പതികള്‍

കാലങ്ങളോളം ആകാശത്ത് പറന്ന ഹെലികോപ്റ്റർ കാലാവധി കഴിഞ്ഞാൽ എന്തുചെയ്യും? ഫേസ്ബുക്ക് മാർക്കറ്റിൽ വിൽപ്പനയ്ക്ക് വച്ച ഹെലികോപ്റ്റർ ബോഡി കണ്ടപ്പോൾ യു എസിലെ ദമ്പതികൾക്കാണ് വ്യത്യസ്തമായ ഒരു ആശയം തോന്നിയത്. അതിനെ സ്വന്തമായി ഒരു ക്യാംപ് ഹൗസാക്കി മാറ്റുക. യു എസ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പൈലറ്റുമാരായ ബ്ലാക്ക് മോറിസും മാഗി മാർട്ടിനും പിന്നെ ഒട്ടും ചിന്തിച്ചില്ല. സമയം പാഴാക്കാതെ  ആ ഹെലികോപ്റ്റർ അങ്ങ് സ്വന്തമാക്കി.

ജർമൻ സൈനിക പൊലിസ് ആയിരുന്നു ഈ ഹെലികോപ്റ്റർ ആദ്യം ഉപയോഗിച്ചത്. പിന്നീട് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികർക്കൊപ്പം. ഉലകം ചുറ്റിപ്പറന്ന കോപ്റ്റർ ഇപ്പോൾ പുതിയൊരു വേഷപ്പകർച്ചയിലാണ്.രൂപമാറ്റം വരുത്തിയ ഹെലികോപ്റ്ററിൽ സുഖപ്രദമായ താമസത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. കിടക്കയിലോ ഭക്ഷണം ഉണ്ടാക്കുമ്പോഴോ കാണാൻ കഴിയുന്ന തരത്തിൽ ടിവി ഉൾപ്പെടെ എല്ലാമുള്ള ഒരു താമസസ്ഥലം. അതാണിപ്പോൾ ഹെലികോപ്റ്റർ. ഹെലികോപ്റ്ററിനെ ഹെലി ക്യാംപാക്കിയ മുഴുവൻ പ്രക്രിയയും ദമ്പതികൾ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

ഇത്തരമൊരു ആശയം തലയിലുദിച്ചപ്പോൾ തനിക്ക് വട്ടാണെന്ന് ഭാര്യ പറയുമെന്നാണ് കരുതിയിരുന്നതെന്ന് മോറിസ് പറയുന്നു. എന്നാൽ വളരെ മികച്ച ഒരാശയമെന്ന് മാഗിയും തല കുലുക്കിയതോടെയാണ് ഇരുവരുടെയും സ്വപ്നത്തിന് ചിറക് മുളച്ചത്.