വനിതാജീവനക്കാരെ മാത്രം ഉൾപ്പെടുത്തി വിമാനസർവീസ്; ചരിത്രംകുറിച്ച് സൗദി

പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ പൂർണമായും വനിതാജീവനക്കാരെ മാത്രം ഉൾപ്പെടുത്തി യാത്ര നടത്തി ചരിത്രം സൃഷ്ടിച്ച് സൗദിയിലെ വിമാനസർവീസ്. റിയാദിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ ഫ്ളൈഅദീൽ വിമാനത്തിലാണ് ജീവനക്കാരായി വനിതകൾമാത്രം ഉണ്ടായിരുന്നത്.എയർലൈനിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ഏഴംഗക്രൂവിൽ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ളൈഅദീൽ വക്താവ് പറഞ്ഞു. സഹ പൈലറ്റായത് സൗദിയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാപൈലറ്റ് കൂടിയായ യാരാ ജാൻ എന്ന 23 കാരിയാണ്. സൗദി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസോടെ പറക്കുന്ന ആദ്യവനിത ഹനാദി സക്കറിയ അൽ ഹിന്ദി, യു.എ.ഇ.യിൽനിന്ന് ആദ്യമായി എയർബസ് എ 320 സിവിൽ എയർക്രാഫ്റ്റ് അന്താരാഷ്ട്രതലത്തിൽ പറത്തിയ റാവിയ അൽ-റിഫി, കൂടാതെ സൗദിയിലെ ഒരു വാണിജ്യവിമാനത്തിൽ സഹപൈലറ്റായ ആദ്യവനിത യാസ്മിൻ അൽ-മൈമാനിയ എന്നിവരും കൂട്ടത്തിലുണ്ട്.