ഉണ്ടക്കണ്ണും വലിയ നാവും; ഡ്രാഗണിന്റെ രൂപം; കടലിലെ പ്രേതം..! വിചിത്രം

ആഴക്കടലിൽ മത്സ്യബന്ധനം നടത്തി ഞെട്ടിക്കുന്ന മത്സ്യവിഭാഗങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന വിദഗ്ധനും ഫൊട്ടോഗ്രഫറുമാണ് റോമൻ ഫെഡോർട്സോവ്. ഇതുവരെയുണ്ടെന്നു പോലും തീർച്ചയില്ലാത്ത മത്സ്യങ്ങളുടെയും ജലജീവികളുടെയും ചിത്രങ്ങൾ ഫെഡോർട്സോവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നു കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം ഫെഡോർട്സോവ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൻ തരംഗം തീർത്തു കഴിഞ്ഞു. മഞ്ഞനിറത്തിൽ വലിയ ഉണ്ടക്കണ്ണുകളും താഴേക്കു നീട്ടിയ നിലയിൽ വലിയ നാവുമായുമായാണു മത്സ്യത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഡ്രാഗണിനെ അനുസ്മരിപ്പിക്കുന്ന രൂപവും ഭാവമുള്ള ഈ മത്സ്യം എതു തരമാണെന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണം വന്നിട്ടില്ല.

കഴിഞ്ഞ ഏപ്രിൽ 6നു റോമൻ ഫെഡോർടസോവ് കുറേയധികം വിചിത്രമത്സ്യങ്ങളെ കണ്ടെത്തിയ ചിത്രങ്ങൾ പങ്കുവച്ചത് ശ്രദ്ധനേടിയിരുന്നു. നോർവീജിയൻ കടലിൽ പര്യവേക്ഷണത്തിനിടിയിലാണു ഈ മത്സ്യങ്ങളെ അദ്ദേഹം കണ്ടെത്തിയത്. പിങ്ക് നിറത്തിൽ വലിയ വാലും ചിറകുകളുമുള്ള ഈ മത്സ്യത്തെ ബേബി ഡ്രാഗണെന്നാണു സമൂഹ മാധ്യമലോകം അന്നു വിശേഷിപ്പിച്ചത്.കിമേറ എന്നൊരു വിഭാഗത്തിൽ പെടുന്ന കാർട്ടിലേജ് മത്സ്യമാണ് ഇതെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി.ഗോസ്റ്റ് ഷാർക് എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ആറരലക്ഷത്തോളം ഫോളോവേഴ്സുള്ള റോമൻ ഫെഡോർട്സോവിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ മൂവായിരത്തിലധികം സമുദ്രജീവി ചിത്രങ്ങളുണ്ട്. 

സാധാരണ ഗതിയിൽ കാണപ്പെടാത്ത രീതിയിലുള്ള മത്സ്യങ്ങളെയും സമുദ്രജീവികളെയുമാണ് അദ്ദേഹത്തിന്റെ പ്രൊഫൈലിൽ കാണാൻ സാധിക്കുക. വടക്കുപടിഞ്ഞാറൻ റഷ്യൻ നഗരമായ മുർമാൻസ്കിൽ നിന്നുള്ളയാളാണു റോമൻ ഫെഡോർട്സോവ്. വിചിത്രമത്സ്യങ്ങളെ കണ്ടെത്താനും അവയെ ലോകത്തിനു മുൻപിൽ എത്തിക്കാനുമായി 3000 അടിവരെ താഴ്ചയിൽ അദ്ദേഹം ഡൈവിങ് നടത്താറുണ്ട്. മുർമാൻസ്കിലെ സർവകലാശാലയിൽ മറൈൻ സയൻസ് ബിരുദപഠനം നടത്തിയിട്ടുള്ള ഫെഡോർട്സോവിന്റെ ഏറ്റവും ഇഷ്ടമുള്ള കടൽഭാഗം റഷ്യയ്ക്കു സമീപമുള്ള ബേരന്റ്സ് കടലാണ്. ആർക്ടിക് സമുദ്രവുമായി നേരിട്ടുബന്ധമുള്ള കടലാണു ബേരന്റ്സ് സീ.