വിളിച്ചുചൊല്ലലും കുറികൈമാറ്റവും ഇല്ല; മാർ യൂലിയോസ് തിരുമേനിക്കു മുൻപിൽ അവർ ഒന്നായി

തൃശൂര്‍: വിളിച്ചു ചൊല്ലലും കുറി കൈമാറ്റവും പതിവുക്രമങ്ങളും ഒന്നുമില്ലാതെ കുന്നംകുളം പഴഞ്ഞി സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയില്‍ ഒരു വിവാഹം. മതസൗഹാര്‍ദത്തിനു പേരുകേട്ട പഴഞ്ഞി മുത്തപ്പന്‍റെ നടയില്‍ ഡോ.ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ സാന്നിധ്യത്തിലായിരുന്ന വധൂവരൻമാരുടെ പരസ്പരമുള്ള ഹാരാര്‍പ്പണം. കോലൊളവ് കൊട്ടിലിങ്ങല്‍ വാസുവിന്റെ മകന്‍ വൈശാഖും പഴഞ്ഞി കൈതവളപ്പ് കെ.കെ. ശിവദാസന്റെ മകൾ ശാശ്രയയുമാണ് വിവാഹിതരായത്. പഴഞ്ഞി യെരുശലേമിലുള്ള കൈതവളപ്പ് കുടുംബ ക്ഷേത്രത്തിൽ താലികെട്ടിനു ശേഷമാണ് ഇരുവരും പള്ളി നടയിലേക്ക് എത്തിയത്.

ശ്രയയുടെ പിതാവ് ശിവദാസന്‍റെ ആഗ്രഹപ്രകാരമായിരുന്നു പള്ളി നടയില്‍ തിരുമേനിക്കു മുമ്പില്‍ ഇരുവരുടെയും ഹാരാര്‍പ്പണവും ബൊക്കെ കൈമാറ്റവുമെല്ലാം നടന്നത്. ശിവദാസന്‍റെ കൈതവളപ്പു കുടുംബക്കാരാണ് തലമുറകളായി പഴഞ്ഞി പള്ളി പെരുന്നാള്‍ ദിനത്തില്‍ പ്രദക്ഷിണത്തിനു കുത്തുവിളക്ക് പിടിക്കുന്നത്. പാരമ്പര്യമായി ഇവര്‍ ചെയ്തു വരുന്ന ഈ പ്രവൃത്തി മതസൗഹാർദത്തിന്‍റെ സന്ദേശം കൂടിയായാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ പഴഞ്ഞി മുത്തപ്പനു മുന്നില്‍ മക്കള്‍ മാലചാര്‍ത്തണമെന്ന ആഗ്രഹം യൂലിയോസ് തിരുമേനിയെ അറിയിക്കുകയായിരുന്നു. 

നവദമ്പതികളുടെ മാതാപിതാക്കള്‍ ആഗ്രഹം പറഞ്ഞപ്പോള്‍ കൂടുതല്‍ ആലോചിക്കാതെ തിരുമേനി സമ്മതം മൂളുകയായിരുന്നു. ക്ഷേത്രത്തിലെ താലികെട്ടിനു ശേഷമാണ് വധൂവരന്മാർ കുടുംബാംഗങ്ങളോടൊപ്പം പഴഞ്ഞി മുത്തപ്പന്റെ തിരുനടയിലെത്തിയത്. തനിക്കു ലഭിച്ചത് ഒരു വലിയ നിയോഗമാണെന്ന് കരുതുന്നതായി തിരുമേനി പറഞ്ഞു. അനുഗ്രഹിച്ച് ആശിർവദിച്ചു നൽകിയ മാലകളും ബൊക്കെകളുമാണ് വധൂവരൻമാർ പഴഞ്ഞി മുത്തപ്പനെ സാക്ഷിയാക്കി പരസ്പരം കൈമാറിയത്.

പൂർവീകർ ചെയ്ത പുണ്യപ്രവർത്തികളും പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹങ്ങളുമാണ് കുടുംബത്തിന്റെ ആഗ്രഹം നിറവേറാൻ അവസരം നല്‍കിയതെന്നു വരന്‍റെ പിതാവ് ശിവദാസൻ പറഞ്ഞു. ആഗ്രഹം സഫലമാകാന്‍ അനുമതിയും സഹായങ്ങളും ചെയ്ത പഴഞ്ഞി കത്തീഡ്രൽ വികാരി ഫാ. സഖറിയ കൊള്ളൂർ, സഹവികാരി ഫാ.തോമസ് ചാണ്ടി, കൈസ്ഥാനി സുമേഷ്.പി. വിൽസൺ, സെക്രട്ടറി ലിജിൻ ചാക്കോ എന്നിവരോടു പ്രത്യേക നന്ദിയും ശിവദാസൻ പറഞ്ഞു.

ശിവദാസന്‍റെ കുടുംബം ഒരിക്കലും പള്ളിയുടെ ആശ്രിതരല്ല, എല്ലായ്പ്പോഴും കടുത്ത ഭക്തിയോടെ നിയോഗം പൂര്‍ത്തിയാക്കുന്നവരാണ് എന്ന് തിരുമേനി പറഞ്ഞു. കേരളത്തില്‍ തുലാഭാരം നടത്തുന്ന അപൂര്‍വം പള്ളികളില്‍ ഒന്നു കൂടിയാണ് പഴഞ്ഞി മുത്തപ്പന്‍റെ പള്ളി എന്ന പ്രത്യേകതയുണ്ട്. ഹൈന്ദവരാണ് ചടങ്ങിനെത്തുന്നവരില്‍ ഭൂരിഭാഗവും എന്നതും ഇവിടുത്തെ മതസൗഹാര്‍ദം എത്രത്തോളമെന്നു വ്യക്തമാക്കുന്നതാണ്