പുലർച്ചെ 2 മണിക്ക് പാര്‍ലറിൽ; രാവിലെ പരീക്ഷ, ഉച്ചയ്ക്കു വിവാഹം: ‘വൈറൽ’ യുവതി

പെൺകുട്ടികളുടെ ജീവിതത്തിന്റെ അവസാനം വിവാഹമല്ല. ഒട്ടേറെ കഴിവുകൾ ഉള്ളവരായിരിക്കും പല പെൺകുട്ടികളും. വിവാഹത്തോടെ എല്ലാം ഉപേക്ഷിക്കേണ്ടി വരുന്നു. എന്നാൽ ഹ്യുമൻസ് ഓഫ് ബോംബെയിലൂടെ അനുഭവം പങ്കിട്ട യുവതിയുടെ ജീവിതം നേരെ മറിച്ചാണ്. വിവാഹം തന്റെ സ്വപ്നങ്ങൾക്കു വിലങ്ങുതടിയാകാൻ അവൾ അനുവദിച്ചില്ല. മറിച്ച് തന്റെ ലക്ഷ്യത്തേക്കുള്ള യാത്രയിൽ ജീവിത പങ്കാളിയേക്കൂടി ചേർക്കുകയാണ് ചെയ്തത്. 

‌‌‌യുവതിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘അച്ഛനെ വിവാഹം കഴിക്കുമ്പോൾ അമ്മ കോളജിൽ പഠിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കകം അമ്മ ഗര്‍ഭിണിയായി. അതുകൊണ്ടു തന്നെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അമ്മ പഠനത്തിലേക്കു തിരികെ വന്നു. എനിക്കു 8 വയസ്സായപ്പോൾ അമ്മ ഡിഗ്രി പൂർത്തിയാക്കാനായി വീണ്ടും ക്ലാസിൽ പോയി തുടങ്ങി. അമ്മ പരീക്ഷ എഴുതി പൂർത്തിയാക്കുന്നതു വരെ മൂന്നു മണിക്കൂർ ഞാനും സഹോദരനും പരീക്ഷാ ഹാളിനു പുറത്തു കാത്തു നിൽക്കുമായിരുന്നു. വിദ്യാഭ്യാസമാണ് ആദ്യം വേണ്ടതെന്ന ചിന്ത എന്റെയുള്ളിൽ അങ്ങനെയാണ് വന്നത്. 

അമ്മ പിന്നീട് എന്റെ സ്കൂൾ പ്രിൻസിപ്പലായി. കഠിനാധ്വാനം ചെയ്യുന്നതിൽ അമ്മയായിരുന്നു എന്റെ പ്രചോദനം. അതുകൊണ്ടു തന്നെ എല്ലായിപ്പോഴും ക്ലാസിൽ മൂന്നു റാങ്കുകളിൽ ഒന്ന് ഞാൻ നിലനിർത്തി. ഗ്രാജ്വേഷനു ശേഷം ഞാൻ സ്വന്തമായി ഒരു എൻജിഒ തുടങ്ങി. സോഷ്യൽ വർക്കിൽ ​ഞാൻ  ഡിഗ്രി എടുത്തു. രണ്ടു വർഷത്തിനു ശേഷം ഞാൻ ഒരു അറേഞ്ച്ഡ് മാരേജിലേക്കു പോകുകയായിരുന്നു. എന്റെ ജീവിതം മാറുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. 

ആദ്യത്തെ തവണ അവനെ കണ്ടപ്പോൾ തന്നെ എന്റെ സ്വപ്നങ്ങള്‍ക്കു പിറകെ സഞ്ചരിക്കാനാണ് എനിക്ക് ആഗ്രഹമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ സ്വപ്നങ്ങളുടെ കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും ഞാൻ തയാറല്ല. അപ്പോൾ സ്വന്തം സ്വപ്നങ്ങളിൽ യാതൊരു ഒത്തു തീർപ്പുകൾക്കും താനും തയാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുടുതൽ സംസാരിച്ചപ്പോൾ ഒരുമിച്ചു പോകാമെന്നു ഞങ്ങൾക്ക് ഇരുവർക്കും തോന്നി. പരിചയപ്പെട്ട് ഒരു മാസത്തിനു ശേഷം ഞാൻ വിവാഹത്തിനു സമ്മതിച്ചു. 6മാസം മുൻപായിരുന്നു വിവാഹം. എന്നാൽ വിവാഹ ദിനത്തിലായിരുന്നു എന്റെ പരീക്ഷ . എനിക്ക് ആശയക്കുഴപ്പമായി. ഞാൻ പാർഥിനെ ഇക്കാര്യം അറിയിച്ചു. പരീക്ഷയാണു പ്രധാനം. എന്തു സംഭവിച്ചാലും പരീക്ഷ എഴുതണമെന്ന് അദ്ദേഹവും പറഞ്ഞു. 

രാവിലെ നിശ്ചയിച്ച വിവാഹം ഉച്ചയ്ക്കും ശേഷം മതി എന്നു തീരുമാനിച്ചു. പുലർച്ചെ രണ്ടു മണിക്കു തന്നെ ഞാന്‍ വിവാഹത്തിന്റെ ഒരുക്കത്തിനായി പാർലറില്‍ എത്തി. അവര്‍ എന്നെ ഒരുക്കുന്നതിനിടയിലും ഞാൻ പഠിച്ചു. പാർഥ് എനിക്കൊപ്പം ഉണ്ടായിരുന്നു. വിവാഹ വേഷത്തിൽ 10.30ഓടെ ഞാൻ പരീക്ഷാ ഹാളിൽ എത്തി. സഹപാഠികൾക്ക് അദ്ഭുതമായിരുന്നു. പക്ഷേ, വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയതിന് എന്റെ അധ്യാപിക എന്നെ അഭിനന്ദിച്ചു. അടുത്ത രണ്ടു മണിക്കൂർ ഞാൻ പരീക്ഷയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. പരീക്ഷയ്ക്കു ശേഷം പെട്ടെന്നു തന്നെ ഞാൻ വിവാഹ മണ്ഡപത്തിൽ എത്തി. ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു മുഹൂർത്തം. 

വളരെ പ്രയാസം നിറഞ്ഞതെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു അത്. ചടങ്ങിനിടെ പാർഥ് എന്നോടു പറഞ്ഞു. നീ എനിക്കു പ്രചോദനമാണ്. 6 മാസം മുൻപാണ് ഇക്കാര്യങ്ങൾ സംഭവിച്ചത്. ഇപ്പോൾ ഞാൻ ഗർഭിണിയാണ്. എന്നാൽ എന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കാൻ ഒന്നിനും സാധിക്കില്ല. എനിക്ക് അമ്മ നൽകിയ പ്രചോദനം പോലെ തന്നെ എന്റെ കുഞ്ഞിനു നല്ല ഉദാഹരണമാകാൻ എനിക്കു കഴിയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾക്കു വേണ്ടി അധ്വാനിച്ചാൽ മാത്രമേ മറ്റുള്ളവർക്കു വേണ്ടി ജോലി ചെയ്യാൻ നിങ്ങൾക്കു സാധിക്കൂ. ആദ്യം നിറയ്ക്കേണ്ടത് സ്വന്തം പാത്രമാണ്.’– യുവതി കുറിക്കുന്നു.