വരന് കഷണ്ടിയാണ്; കേട്ടതും വധു വിവാഹ വേദിയിൽ കുഴഞ്ഞു വീണു; നാടകീയം

representative image

കഷണ്ടിയ്ക്ക് മരുന്നുണ്ടായിരുന്നെങ്കിൽ... ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ആ വരൻ ഇപ്പോൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും. കഷണ്ടി കാരണം യുവാവിന്റെ വിവാഹമാണ് മുടങ്ങിയത്. ആ ദിവസം ഓർക്കാൻ ഇനി യുവാവിന് സാധിക്കില്ല. 

ഫെബ്രുവരി 23ന് ആയിരുന്നു സംഭവം. വരൻ തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടപ്പോഴാണ് വധുവിന് സംശയം തോന്നിയത്. തുടർന്ന്, വരന് കഷണ്ടിയാണെന്നും വിഗ് താഴെ വീഴാതിരിക്കാനാണ് തലപ്പാവ് ശരിയാക്കുന്നതെന്നും ഒരാൾ വധുവിനോട് പറഞ്ഞു. ഇതുകേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വന്നപ്പോൾ വീട്ടുകാർ ആശ്വസിപ്പിക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ തയാറല്ല എന്ന് പെൺകുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ വരനും സംഘവും മടങ്ങിപ്പോയെന്ന് വാർത്ത ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

ആയുഷ്മാൻ ഖുറാന മുഖ്യ വേഷത്തിലെത്തിയ ‘ബാല’ എന്ന സിനിമയിൽ ഇതേ സാഹചര്യം ആവിഷ്കരിച്ചിട്ടുണ്ട്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയിൽനിന്നും തന്റെ കഷണ്ടി മറച്ചു വയ്ക്കാൻ നായകൻ നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം. 2019ലാണ് ഈ സിനിമ റിലീസിന് എത്തിയത്.