ട്രക്കിന്റെ വാതിൽ തുറന്നുപോയി; തിരക്കേറിയ റോഡിൽ ചാടി ഭീമൻ ഒട്ടകപ്പക്ഷി; ‘നെട്ടോട്ടം’

വടക്കൻ ചൈനയിലെ ടിയാൻജിന്നിൽ യാത്രക്കാരെയാകെ വട്ടം കറക്കി ഒട്ടകപ്പക്ഷി. റോങ്ഷെങ് - വുഹായ് എക്സ്പ്രസ് വേയിലൂടെ സഞ്ചരിച്ച വാഹനങ്ങളാണ് നടുറോഡിലൂടെ പാഞ്ഞ ഒട്ടകപ്പക്ഷി കാരണം ബുദ്ധിമുട്ടിലായത്.  നിരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ട്രക്കിൽ നിന്നും പുറത്തുചാടിയ ഒട്ടകപ്പക്ഷി പരിഭ്രാന്തനായി പൊതുവഴിയിലൂടെ ഓടുകയായിരുന്നു. 

എക്സ്പ്രസ് വേയിലൂടെ  പായുന്ന ഒട്ടകപ്പക്ഷിയുടെ ചിത്രങ്ങളും ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.  മൂന്നുവരി പാതയിൽ ഒരു വരിയിൽ നിന്നും മറ്റൊന്നിലേക്ക് വഴുതിമാറിയായിരുന്നു ഒട്ടകപ്പക്ഷിയുടെ ഓട്ടം. ഇതുമൂലം  വാഹനങ്ങൾക്ക്  മുന്നോട്ടു സഞ്ചരിക്കുന്നതിന് തടസ്സം നേരിട്ടു. നിരത്തിൽ നിന്നും വിട്ടുമാറാതെ മുൻപോട്ട് തന്നെ ഒട്ടകപ്പക്ഷി സഞ്ചാരം തുടർന്നതോടെ ഗതാഗതവും തടസ്സപ്പെട്ട നിലയിലായി. എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വ്യക്തിയാണ് കാറിനോളം വലുപ്പമുള്ള കൂറ്റൻ ഒട്ടകപ്പക്ഷി നിരത്തിലിറങ്ങിയ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. 

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പൊലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി ഒട്ടകപ്പക്ഷിയെ പിടികൂടി. ഒന്നിലധികം ഒട്ടകപക്ഷികളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇവയുമായി സഞ്ചരിക്കുന്നതിനിടെ ട്രക്കിന്റെ വാതിൽ അബദ്ധത്തിൽ തുറന്നപ്പോൾ ഒട്ടകപക്ഷി പുറത്തു ചാടുകയായിരുന്നു. ഒൻപത് അടി നീളത്തിൽ വരെ വളരുന്ന ഒട്ടകപ്പക്ഷികൾക്ക് 150 കിലോഗ്രാമിനടുത്ത് ഭാരവുമുണ്ടാകും.