അന്ന് എല്ലാവരും കളിയാക്കി; ഇന്നവര്‍ ഈ വണ്ടിക്ക് പിന്നാലെ; സിദ്ദിഖ് പറയുന്നു

വാഹനങ്ങള്‍ എന്നും സിനിമാ താരങ്ങള്‍ക്ക് ഹരമാണ്. എന്നാല്‍ ഹരവും ഭ്രമവുമൊന്നുമില്ലാതെ സ്വകാര്യ ഇഷ്ടമായി മലയാളികളുടെ പ്രിയ നടന്‍ സിദ്ദിഖ് ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നുണ്ട് ഈ വാഹനം: അംബാസഡര്‍‍. 2000ത്തിലാണ് അദ്ദേഹം ആദ്യമായി അംബാസഡര്‍ കാര്‍ സ്വന്തമാക്കുന്നത്. പിന്നീട് 2008ല്‍ വാങ്ങിയ മാറ്റൊരു അംബാസഡറിലാണ് ഇന്നും അദ്ദേഹത്തിന്റെ യാത്രകള്‍. വാങ്ങാന്‍ എളുപ്പമാണെങ്കിലും നന്നായി സൂക്ഷിക്കാനാണ് പ്രയാസമെന്ന് അദ്ദേഹം പറയും. അതിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ ഡ്രൈവര്‍ ഉണ്ണിക്ക് നല്‍കും. കാറിനൊപ്പമുള്ള ജീവിതവും തന്‍റെ ജീവിതകാഴ്ചപ്പാടുകളും അദ്ദേഹം തുറന്നുപറയുന്നു. വിഡിയോ കാണാം: 

ബ്ലാക്ക് ആന്‍റ് വൈറ്റ് കോമ്പിനേഷന്‍

അംബാസഡറിന് കറുപ്പാണ് മനസില്‍. അതുകൊണ്ടാണ് ഈ കളര്‍ തിര‍ഞ്ഞെടുത്തത്. ബ്ലാക്ക് ആന്‍റ് വൈറ്റ് സിനിമ പോലെ കറുത്ത കാറില്‍ വെള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യാനാണ് എന്നും ഇഷ്ടമെന്നും അദ്ദേഹം പറയുന്നു.

ജയറാമിന്റെ അമ്മയുടെ അനുഗ്രഹം

സിനിമയില്‍ സജീവമാകുന്ന കാലത്ത് ബസിന് പുറകെ ഓടുന്നത് കണ്ട് ജയറാമാണ് കാര്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചത്. ജയറാമിന്റെ അമ്മയുടെ കയ്യില്‍ നിന്നും വാങ്ങിയ ഇരുപത്തിയ്യായിരം രൂപ നല്‍കിയാണ് ആദ്യമയി വാങ്ങിയ മാരുതി കാറിന് അഡ്വാന്‍സ് നല്‍കിയത്.

ഇഎംഐ എന്ന ടെന്‍ഷന്‍

ജയറാമിന്റെ പണം 3 മാസത്തിനുള്ളില്‍ തിരിച്ചു നല്‍കാന്‍ സാധിച്ചു. കാറിന് ഇഎംഐ ഉള്ളത് വലിയ ടെന്‍ഷനാണ്. എന്നാല്‍ ഇന്ന് അങ്ങനെ ഒരു സാഹചര്യമില്ലാത്തത് അനുഗ്രഹമാണ്. ഇന്നത്തെ താരങ്ങള്‍ക്ക് വേണ്ടത് സാമ്പത്തിക അച്ചടക്കമാണെന്ന് സിദ്ദിഖ് ഓര്‍മ്മിപ്പിക്കുന്നു. 

കാറിന് മുന്‍പേ സ്റ്റീരിയോ

സിനിമയിലെ ആദ്യകാലത്ത് നടി ജയഭാരതിക്കൊപ്പം ഗള്‍ഫ് ടൂറിന് പോയി. താന്‍ മിമിക്രിയാണ് ചെയാന്‍ പോകുന്നതെന്ന് അറിഞ്ഞ ജയഭാരതി വഴക്ക് പറഞ്ഞു. എന്നാല്‍ പ്രകടനത്തിന് സദസ് കയ്യടിച്ചേതോടെ മനസുമാറിയ അവര്‍ സമ്മാനമായി സ്റ്റീരിയോ നല്‍‍കി. എന്നാല്‍ ഇത് വെയ്ക്കാന്‍ കാര്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാറൊക്കെ ഉടനെ ഉണ്ടാകുമെന്നായി ജയഭാരതി.