കുറുപ്പ് കാർ റോഡിലിറക്കിയത് പണമടച്ച് നിയമപ്രകാരം: ആരോപണം തള്ളി ടീം

ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിനെ െചാല്ലി ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി അണിയറപ്രവർത്തകർ. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാർ അവകാശപ്പെട്ടു. 

സമൂഹമാധ്യമങ്ങളിൽ യാത്രാ വ്ലോഗ് ചെയ്യുന്ന വ്ലോഗറായ മല്ലു ട്രാവലറുടെ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. സിനിമാ പ്രമോഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുക. അപ്പൊ എന്താ എംവിഡി കേസ്‌ എടുക്കാത്തത് എന്നായിരുന്നു ചോദ്യം. നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലെന്നും എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ടെന്നും ഇയാൾ പോസ്റ്റിൽ പറഞ്ഞിരുന്നു.