നിരവധി പേരുടെ കാറുകൾ ഒരേ സമയം ലോക്കായി; ആശങ്ക; സംഭവിച്ചതെന്ത്?

സാങ്കേതിക വിദ്യയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ടെക്നോളജിയുടെ അതിവേഗത്തിലുള്ള കുതിപ്പ് സഹായകരം തന്നെ. എന്നാൽ ചിലപ്പോഴെങ്കിലും ടെക്നോളജി പണി തരാറുണ്ട്. അത്തരത്തിലൊരു പണി കിട്ടിയതിന്റെ ക്ഷീണത്തിലാണ് ടെസ്‌ല കാർ ഉടമകൾ. ടെസ്‌ല ആപ്പ് പ്രർത്തനരഹിതമായതാണ് തിരിച്ചടിയായത് . 

ചെറിയൊരു സാങ്കേതിക പ്രശ്നം കാരണം ഒരേസമയം നിരവധി പേരുടെ കാറുകൾ ലോക്ക് തുറക്കാനാകാതെ കുടുങ്ങി. ആപ്പിലെ പ്രശ്നങ്ങൾ കാരണം ടെസ്‌ല കാറുകൾ ലോക്ക് ആകുകയായിരുന്നു. ധാരാളം ഉപയോക്താക്കൾ അവരുടെ കാറുകളിലെ കീലെസ് ആക്‌സസ് ചെയ്യുന്നതിന് ടെസ്‌ല ആപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ടെസ്‌ല ആപ്പ് മണിക്കൂറുകളോളം പണിമുടക്കിയപ്പോൾ പ്രശ്നം പരിഹരിക്കുന്നത് വരെ കാർ ഉടമകൾക്ക് പുറത്ത് കാത്തിരിക്കേണ്ടി വന്നു. ടെസ്‌ല മോഡൽ 3/Y, മോഡൽ എസ് എന്നിവയെയാണ് ആപ്പ് തകരാർ കൂടുതൽ ബാധിച്ചതെന്നും റിപ്പോർട്ടുണ്ട്. ടെസ്‌ല ആപ്പിന് തകരാർ സംഭവിക്കുന്നത് ഇതാദ്യമായല്ല, 2020 സെപ്റ്റംബറിൽ ടെസ്‌ല സെർവറുകൾ മണിക്കൂറുകളോളം പണിമുടക്കിയിരുന്നു.

കാനഡ, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനു ശേഷമാണ് ഇലക്‌ട്രെക്ക് ആദ്യം ഈ പ്രശ്നം റിപ്പോർട്ട് ചെയ്തത്. ടെസ്‌ല ആപ്പ് എല്ലാ ടെസ്‌ല കാർ ഉടമകൾക്കും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ആപ്പ് ഒരു കാർ കീ ആയി മാത്രമല്ല ഉപയോഗിക്കുന്നത്, ആപ്പ് വഴി ധാരാളം കാർ നിയന്ത്രണങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. സിയോളിൽ നിന്നുള്ള ഒരു ടെസ്‌ല കാർ ഉടമ ആപ്പ് പ്രവർത്തിക്കുന്നില്ലെന്ന് ഇലോൺ മസ്‌കിനെ ട്വീറ്റ് വഴി അറിയിച്ചിരുന്നു. ഇതിന് മറുപടിയായി ആപ്പ് പരിശോധിക്കുന്നു എന്ന് മസ്കും അറിയിച്ചു.