പിറന്നാൾ ആഘോഷിക്കാൻ പോയി; വെടിവെപ്പിൽ കൊല്ലപ്പെട്ട് ഇന്ത്യൻ വ്ലോഗർ; കണ്ണീർ

മുപ്പതാം ജന്മദിനാഘോഷങ്ങൾക്കായി മെക്സിക്കോയിലേക്ക് യാത്ര തിരിക്കുമ്പോൾ അത് തന്റെ അവസാനത്തെ യാത്രയായിരിക്കുമെന്ന് അഞ്ജലി റിയോട്ട് ചിന്തിച്ചിരുന്നില്ല. ആഘോഷങ്ങൾക്ക് മണിക്കൂറുകൾക്കു മുൻപാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ബ്ലോഗറായ അഞ്ജലി മെക്സിക്കോയിൽ കൊല്ലപ്പെട്ടത്. ലഹരിസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിലായിരുന്നു അഞ്ജലി കൊല്ലപ്പെട്ടത്. അവസാന യാത്രയുടെ ചിത്രങ്ങളും വിഡിയോയും അഞ്ജലി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. 

ടുലുമിലേക്കുള്ള യാത്രയ്ക്കു മുൻപ് മൊണ്ടാനയിലെ ഗ്ലേഷ്യർ ദേശീയ പാർക്ക് സന്ദർശിച്ച ദൃശ്യങ്ങളും അഞ്ജലി പങ്കുവച്ചിരുന്നു. 40,000ൽ അധികം ഫോളവേഴ്സാണ് അഞ്ജലിക്ക് സോഷ്യൽ മീഡിയയിലുള്ളത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവമുണ്ടായത്. 

മെക്സിക്കോ ടുലുമിലെ ബീച്ച് റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലിയും ഭർത്താവ് ഉത്കർഷ് ശ്രീവാസ്തവയും. നഗരത്തിലെ ലാ മാൽക്യുയെരിഡ റസ്റ്റോറന്റിൽ വിനോദസഞ്ചാരികൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ, നാലുപേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ജർമനി, നെതർലൻഡ്സ് രാജ്യങ്ങളിൽനിന്നുള്ള മറ്റു മൂന്നു വിനോദസഞ്ചാരികൾക്ക് പരുക്കേറ്റു. രണ്ടു ലഹരിസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ഏറ്റുമുട്ടലിന് കാരണമായതെന്നും അഞ്ജലിയും മറ്റു വിനോദ സഞ്ചാരികളും യാദൃച്ഛികമായി ഇതിനിടയിൽപ്പെടുകയായിരുന്നു എന്നും അധികൃതർ  വ്യക്തമാക്കി. ലിങ്ഗ്ഡിനില്‍ സീനിയര്‍ സൈറ്റ് റിലയബിലിറ്റി എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അഞ്ജലി.