അഷ്ടലക്ഷ്മി രൂപങ്ങള്‍ക്കൊപ്പം യേശുവും മാതാവും; മതമൈത്രിയുടെ ബൊമ്മക്കൊലു

നവരാത്രിക്ക് മതമൈത്രിയുടെ സന്ദേശവുമായി ബൊമ്മക്കൊലു ഒരുക്കി ശ്രദ്ധേയനാകുകയാണ് കോട്ടയം സ്വദേശി ടെറണ്‍സ് ജോസ്. നര്‍ത്തകനും ചിത്രകാരനുമായ  ടെറണ്‍സ് വീട്ടിലെ പൂജാ മുറിയിലാണ് എട്ട് ലക്ഷത്തോളം രൂപ മുടക്കി ബൊമ്മക്കൊല്ലു ഒരുക്കിയത്. അഷ്ടലക്ഷ്മി രൂപങ്ങള്‍ക്കൊപ്പം യേശുവും മാതാവുമൊക്കെ ഉള്‍പ്പെടുന്നതാണ് ഈ ബൊമ്മക്കൊലു. എസ്എച്ച് മൗണ്ട് ചൂട്ടുവേലി മുല്ലശേരില്‍ വീട്ടിലാണ് മതമൈത്രിയുടെ ഈ വേറിട്ട കാഴ്ച. അഷ്ടലക്ഷ്മി രൂപങ്ങള്‍ക്കും ദേവഗണങ്ങള്‍ക്കും ഒപ്പം യേശുവും മാതാവുമെല്ലാം ഉണ്ട്. 

ഏഴു തട്ടുകളിലായാണ് ടെറണ്‍സ് സമ്പൂര്‍ണ ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്. ശിവരാത്രി മാഹാത്മ്യം, ജടായുമോക്ഷം, ദശാവതാരം തുടങ്ങി 11 പുരാണകഥകളെ ചിത്രീകരിക്കുന്ന രൂപങ്ങളുണ്ട് ഇക്കൂട്ടത്തില്‍. കള്ളനും പൊലീസും ക്രിക്കറ്റ് കളിക്കാരും ഉള്‍പ്പെടുന്ന കളിക്കൊലു, മരക്കൊലു അങ്ങനെ വൈവിധ്യങ്ങളേറെ. ചെന്നൈ കലാക്ഷേത്രയില്‍ നൃത്തം അഭ്യസിച്ച ടെറണ്‍സിന് വിദ്യാദേവതയെ പൂജിക്കാന്‍ മതമൊരു തടസമായില്ല.

മഹാമാരിയുടെ കാലത്ത് അതിജീവനത്തിന്‍റെ സന്ദേശം കൂടി നല്‍കുകയാണ് വാക്സീനുമായി ഇരിക്കുന്ന ഗണപതി രൂപം.നവരാത്രിയുടെ പ്രതീകമായ നവധാന്യങ്ങളും മുറിയിൽ ഒരുക്കിയിട്ടുണ്ട്. ടെറണ്‍സിന് പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. നര്‍ത്തകനായ ടെറണ്‍സ് കലാക്ഷേത്രയിലെ അധ്യാപകന്‍ കൂടിയാണ്.