5 മക്കളും ചത്തു; ഒറ്റപ്പെട്ട് ഒരു പതിറ്റാണ്ട്; തലതല്ലി സങ്കടപ്പെട്ട് തിമിംഗലം; വിഡിയോ

കോവിഡ് കാലത്ത് ക്വാറന്റീൻ ഇരിക്കുന്ന സമയം തന്നെ ബുദ്ധിമുട്ടിയാണ് മനുഷ്യർ കഴിയുന്നത്. തനിച്ചാവുന്നതിന്റെ ബുദ്ധിമുട്ടും വിഷമവും വിഷാദവും മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും ബാധിക്കുന്നതാണ്. പത്ത് വർഷത്തിലേറെയായി തനിച്ച് കഴിയുന്ന കാനഡയിലെ ഓർക്ക തിമിംഗലമാണ് ലോകമെങ്ങുമുള്ള മൃഗസ്നേഹികളെ വിഷമത്തിലാക്കുന്നത്. കിസ്കയെന്നാണ് വാട്ടർപാർക്കിൽ കഴിയുന്ന തിമിംഗലത്തിന്റെ പേര്.

ഏകാന്തത സഹിക്കാനാവാതെ കിസ്ക പൂളിലെ ഭിത്തിയിൽ തലയിട്ട് ഇടിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1978ലാണ് കിസ്കയെ ഈ പാർക്കിലേക്ക് കൊണ്ടുവരുന്നത്. അന്ന് വേറെയും തിമിംഗല കൂട്ടുകാർ കിസ്കയ്ക്ക് ഉണ്ടായിരുന്നു. ക്രമേണെ അവരെല്ലാം ചത്തു. കിസ്കയ്ക്ക് ജനിച്ച 5 കുഞ്ഞുങ്ങളും പൂളിൽ കിടന്ന് ചത്തു.

സ്വന്തം വർഗത്തിൽപ്പെട്ട ഒന്നിനെപോലും കാണാനാവാതെ ഇത്രയുംകാലം കഴിഞ്ഞതോടെ കിസ്ക കടുത്ത വിഷാദത്തിലാണെന്ന് മൃഗ സംരക്ഷണ പ്രവർത്തകനായ ഫിൽ ഡെമേഴ്സ് പറയുന്നു. ഫിൽ ആണ് വിഡിയോ പകർത്തിയത്. ലോകശ്രദ്ധ ആകർഷിക്കുന്നതോടെയെങ്കിലും കിസ്കയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് ഫിലിന്റെ പ്രതീക്ഷ.