മുണ്ട് മടക്കിക്കുത്തി; പൊലീസിന്റെ അടി, പിന്നീട് വേഷം നൈറ്റി; ‘മാക്സി മാമ’ യാത്രയായി

കൊല്ലം: വേഷം പ്രതിഷേധമാക്കി ജീവിച്ച മാക്സി മാമയെന്ന യഹിയ ജീവിത വേഷം അഴിച്ചുവച്ചു. മുണ്ട് മടക്കിക്കുത്തിയത് അഴിച്ചില്ലെന്നു പറഞ്ഞ് എസ്ഐയുടെ അടിയേറ്റതിനെത്തുടർന്നാണ് മുക്കുന്നം പുതുക്കോട് റുക്സാന മൻസലിൽ യഹിയ മുണ്ടും ഷർട്ടും മാറ്റി വേഷം നൈറ്റി ആക്കിയത്. മരിക്കുന്നതു വരെയും നൈറ്റി തന്നെയായിരുന്നു വേഷം. 

ഇന്നലെ രാവിലെ കടയ്ക്കൽ മുക്കുന്നത്ത് ഇടപ്പണയിൽ ഇളയ മകൾ സീനയുടെ വീട്ടിലായിരുന്നു അന്ത്യം. മുക്കുന്നത്ത് ആർഎംഎസ് എന്ന പേരിൽ തട്ടുകട നടത്തുന്നതിനിടെയാണ് എസ്ഐയെ ബഹുമാനിച്ചില്ലെന്ന കാരണം പറഞ്ഞു തല്ലു കിട്ടിയത്. നോട്ട് നിരോധനമായിരുന്നു യഹിയയുടെ പ്രതിഷേധത്തിന് ഇടയാക്കിയ മറ്റൊന്ന്. നോട്ട് മാറാൻ കടയ്ക്കലിൽ ബാങ്കുകളിൽ പോയി ക്യൂ നിന്നു. ക്യൂവിൽ തളർന്നു വീണു. നോട്ട് മാറാതെ തിരിച്ചെത്തി കടയ്ക്കു മുന്നിൽ വച്ച് 23,000 രൂപ കത്തിച്ചു.  

ഭാര്യ മരിച്ചതോടെ യഹിയ ഒറ്റയ്ക്കായി. മുക്കുന്നത്ത് പൊലീസുകാരന്റെ വീട്ടിലെ ചായ്പ്പിലായിരുന്നു ഏറെ  നാൾ താമസം.  രണ്ടു മാസത്തിനു മുൻപ് ചിലരുടെ നിർബന്ധത്തെത്തുടർന്നു മകളുടെ വീട്ടിലേക്കു മാറി.  

യഹിയയുടെ തട്ടുകടയ്ക്കും പ്രത്യേകതയുണ്ടായിരുന്നു. ഭക്ഷണം  ബാക്കി വച്ചാൽ ഫൈൻ ഈടാക്കും. ചിക്കൻകറിയും പൊറോട്ടയും വാങ്ങുന്നവർക്കു ദോശയും ചിക്കൻ ഫ്രൈയും  സൗജന്യമായി നൽകും.  നോട്ട് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ചായക്കടക്കാരന്റെ  മൻകീ ബാത്ത് എന്ന പേരിൽ യഹിയയുടെ ജീവിതം ആസ്പദമാക്കി തയാറാക്കിയ ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു.