‘കണ്ണും കണ്ണും’..പരാതിപ്പെട്ടിയിൽ തടവുകാരന്റെ ഇഷ്ടഗാനം; ജഡ്ജിയുടെ ‘ഡെഡിക്കേഷൻ’

തിരുവനന്തപുരം: ഇഷ്ട നടന്റെ സിനിമയിലെ ഇഷ്ടഗാനം കേൾക്കണമെന്ന തടവുകാരന്റെ ആഗ്രഹം ജഡ്ജി സാധിച്ചു കൊടുത്തു! ജയൻ നായകനായ ‘അങ്ങാടി’യിലെ ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’ എന്ന ഗാനമാണു പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനു വേണ്ടി ജില്ലാ സെഷൻസ് ജഡ്ജി ‘ഡെഡിക്കേറ്റ്’ ചെയ്തത്. 

തടവുകാരുടെ റേഡിയോയായ ഫ്രീഡം സിംഫണിയിൽ ഇന്നലെ വൈകിട്ട് ഈ പാട്ട് കേൾപ്പിച്ചു. എന്നാൽ പാട്ട് ആവശ്യപ്പെട്ട തടവുകാരൻ കേൾക്കാൻ ജയിലിലുണ്ടായിരുന്നില്ല. ഒരു മാസം മുൻപ് ശിക്ഷ കഴിഞ്ഞിരുന്നു!

അബ്കാരി കേസിൽ ഒരു വർഷത്തേക്കു ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം ചാന്നാങ്കര സ്വദേശിയുടെ ആഗ്രഹമാണു  സാധ്യമായത്.  ‘ഫ്രീഡം സിംഫണി’ മൂന്നു മാസം മുൻപാണു പ്രവർത്തനം തുടങ്ങിയത്. ഇഷ്ടമുള്ള ചലച്ചിത്രഗാനം തടവുകാർക്ക് എഴുതിനൽകാം. ജയിലിലെ സ്റ്റോറിലാണു കുറിപ്പ് ഏൽപിക്കേണ്ടത്. എന്നാൽ ‘ആരാധകൻ’ കുറിപ്പ് ഇട്ടത് ജില്ലാ ജ‍ഡ്ജിക്കു പരാതി നൽകാൻ സ്ഥാപിച്ച പെട്ടിയിൽ. 

എല്ലാ മാസവും 7ന് ആണു പരാതിപ്പെട്ടി കോടതിയിലെത്തിക്കുക. കഴിഞ്ഞ മാസം ഇതു കോടതിയിലെത്തിയപ്പോഴേക്കും തടവുകാരൻ മോചിതനായിരുന്നു. ആവശ്യപ്പെട്ട പാട്ട് വച്ചുകൊടുക്കുന്നതു പരിഗണിക്കുമല്ലോ എന്ന നിർദേശത്തോടെ ജഡ്ജി തടവുകാരന്റെ കുറിപ്പ് ജയിൽ സൂപ്രണ്ടിനു കൈമാറുകയായിരുന്നു.