കാരുണ്യക്കരങ്ങൾക്കായി കാത്തില്ല; അപൂർവരോഗം ബാധിച്ച കുരുന്ന് യാത്രയായി

ലോകത്തിന്റെ കാരുണ്യത്തിനു കാത്തുനിൽക്കാതെ മേൽവ (3) യാത്രയായി. ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസ് എന്ന അപൂർവ രോഗത്തിനു ചികിത്സയിലായിരുന്ന മേൽവ മരിയയുടെ അന്ത്യം ഇന്നലെ രാവിലെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു. പത്തുമുറി പഴയംപള്ളിയിൽ ജിജോ - മെറിൻ ദമ്പതികളുടെ മകളായ മേൽവ ജീവിതത്തിലേക്കു മടങ്ങിവരാനായി പ്രാർഥനയും സാമ്പത്തിക സഹായവുമായി കൂടെനിന്നവർക്കെല്ലാം ഈ വേർപാട് തീരാനൊമ്പരമായി.

ജൂൺ 18നാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി തലച്ചോറിലെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്ന അപൂർവ രോഗാവസ്ഥയാണിത്. പാലായിലെ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ കോവിഡും തുടർന്ന് ന്യുമോണിയയും പിടിപെട്ടതോടെ സ്ഥിതി ഗുരുതരമായി. 

മേൽവയുടെ രോഗവിവരവും ഭാരിച്ച ചികിത്സച്ചെലവും സംബന്ധിച്ച് മനോരമയിൽ വാർത്ത വന്നിരുന്നു. ഇതോടെ ഒട്ടേറെ പേർ ഇവർക്ക് സഹായവുമായി രംഗത്തെത്തി. കുട്ടിയുടെ ചികിത്സാ സഹായത്തിനായി കഴിഞ്ഞ ദിവസം നടത്തിയ ബിരിയാണി ചാലഞ്ചിലൂടെ ലഭിച്ച 2 ലക്ഷം രൂപ കുടുംബത്തിനു കൈമാറുമെന്ന് സിപിഎം കുമളി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ഐ.സിംസൺ പറഞ്ഞു.