ബോട്ടിൽ മാറ്റാനാകില്ല..മൂല്യം കുറയ്ക്കാനും; ക്രിസ്റ്റ്യാനോയെ 'പരസ്യ'മാക്കി ഫെവിക്കോൾ

വാർത്താ സമ്മേളനത്തിനിടെ മേശപ്പുറത്ത് നിന്ന് ക്രിസ്റ്റ്യാനോ കോക്ക കോള കുപ്പി എടുത്ത് മാറ്റിയതിന്റെ  അലയൊലി ഇതുവരെ കഴിഞ്ഞിട്ടില്ല. 29,335 കോടിയിലേറെ നഷ്ടമാണ് ഒറ്റദിവസം കൊണ്ട് കോളയ്ക്കുണ്ടായ നഷ്ടം. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരെത്തി.

 ഓഹരി കുത്തനെ ഇടിഞ്ഞതിന് പിന്നാലെ 'എല്ലാവർക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്, രുചികളും' എന്ന് കോളയ്ക്ക് പ്രസ്താവനയും ഇറക്കേണ്ടി വന്നു. എന്നാൽ ഈ സംഭവത്തെ സരസമായി പരസ്യമാക്കിയിരിക്കുകയാണ് ഫെവിക്കോൾ. യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ കോള കുപ്പികൾ മാറ്റിയ അതേ ടേബിളിൽ ഫെവിക്കോളിന്റെ രണ്ട് പുതുപുത്തൻ ബോട്ടിലുകളാണ് ഫെവിക്കോൾ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. പിന്നീട് രസികനൊരു വാചകവും ‘ബോട്ടിൽ മാറ്റാനും സാധിക്കില്ല, മൂല്യം കുറയ്ക്കാനുമാകില്ല’. വ്യാഴാഴ്ച വൈകിട്ടാണ് ഫെവികോൾ ഈ പരസ്യം ട്വിറ്ററിലിട്ടത്. സമയത്തിനൊത്തുയർന്നതെന്നായിരുന്നു പരസ്യത്തോട് ട്വിറ്ററേനിയൻസിന്റെ മറുപടി.