മരിച്ചെന്ന് ഡോക്ടർ; ഇല്ലെന്ന് 39 ഭാര്യമാരും 94 മക്കളും; മൃതദേഹം വീട്ടിൽ

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ എന്ന വിശേഷണമുള്ള മിസറോം സ്വദേശി സിയോണ്‍ ചന (76) മരിച്ചിട്ടില്ലെന്ന വാദവുമായി കുടുംബം. ആശുപത്രിയിൽനിന്നും വീട്ടിലെത്തിച്ച സിയോണിന്റെ മൃതദേഹത്തിൽ നാഡിയിടിപ്പും ചൂടും നിലനിൽക്കുന്നതായാണ് ഇവർ അവകാശപ്പെടുന്നത്. അതിനാൽ സംസ്കാരം നടത്താതെ ശരീരം സൂക്ഷിച്ചിരിക്കുകയാണ്. ജൂൺ 13 ഞായറാഴ്ച ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ആയിരുന്നു സിയോണിന്റെ അന്ത്യം. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമാണ് മരണ കാരണം.

ഡോക്ടർമാർ മരണ സർട്ടിഫിക്കേറ്റ് നൽകിയെങ്കിലും സിയോൺ മരിച്ചെന്നു വിശ്വസിക്കാൻ കുടുംബത്തിലെ ഭൂരിഭാഗം പേരും തയാറായിട്ടില്ല. സമുദായത്തിലെ മുതിർന്നവരും സമാന നിലപാട് സ്വീകരിച്ചു.‘ഓക്സീമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ നാഡീസ്പന്ദനം അറിഞ്ഞു. ശരീരത്തിന് ഇപ്പോഴും ചൂടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരിശോധിച്ചപ്പോഴും പേശികൾ മുറുകിയിട്ടില്ല. ഈയൊരു സാഹചര്യത്തിൽ അന്ത്യകർമങ്ങൾ നടത്തുന്നത് ശരിയാണെന്ന് സിയോണയുടെ ഭാര്യമാരും മക്കളും സമുദായ നേതൃത്വവും കരുതുന്നില്ല’ ചന ചർച്ച് സെക്രട്ടറി സെയ്ത്തിൻകൂഹ്മ പ്രതികരിച്ചു. എന്നാൽ സിയോണ്‍ മരിച്ചിട്ടില്ലെന്ന കുടുംബത്തിന്റെ വാദം ഡോക്ടർമാർ തള്ളി.  

39 ഭാര്യമാരും 94 മക്കളും അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്നതാണ് സിയോണിന്റെ കുടുംബം. ബഹുഭാര്യത്വം അനുവദിക്കുന്ന മതവിഭാഗമായ ചന പാൾ എന്ന ക്രിസ്ത്യൻ അവാന്തര വിഭാഗത്തിലെ അംഗമാണ് സിയോൺ. 400 കുടുംബങ്ങൾ അംഗങ്ങളായുള്ള ഈ വിഭാഗത്തിന്റെ തലവനും സിയോൺ ആയിരുന്നു.

മലനിരകൾക്കിടയിൽ 4 നിലകളിലായി 100 മുറികളുള്ള വീട്ടിൽ കൂട്ടുകുടുംബമായാണ് ഇവർ കഴിഞ്ഞിരുന്നത്. 2011ൽ ലോകത്തെ അത്ഭുതകഥകളിലൊന്നായി സിയോണിന്റെ കുടുംബവൃക്ഷം അവതരിപ്പിക്കപ്പെട്ടിരുന്നു.17 വയസ്സിൽ 3 വയസ്സ് കൂടുതലുള്ള സ്‌ത്രീയെ വിവാഹം ചെയ്‌താണു സിയോൺ വിവാഹ പരമ്പരയ്‌ക്കു തുടക്കമിട്ടത്. ഒരു വർഷത്തിനിടെ 10 സ്‌ത്രീകളെ വിവാഹം ചെയ്‌തു. പിന്നീടു വിവാഹം തുടർക്കഥയായി.