ബഹിരാകാശ യാത്രയ്ക്ക് ജെഫ്; ഒപ്പം പോകാൻ ടിക്കറ്റിന് 205 കോടി

ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായി ജെഫ് ബെസോസിന്റെ ബഹിരാകാശയാത്രയിൽ ഒപ്പം പോകാനുള്ള ടിക്കറ്റിന് 205 കോടി രൂപ. ലേലത്തിലൂടെയാണ് ടിക്കറ്റ് വിറ്റത്. അടുത്തമാസമാണ് ബഹിരാകാശ വാഹനമായ ബ്ലൂ ഒറിജിൻ ബെസോസും സംഘവുമായി കന്നിയാത്ര പോകുന്നത്.

ടെസ്‍ല ഉടമ ഇലോൺ മസ്കിനെയും റിച്ചാർഡ് ബ്രാൻസനെയും പിൻതള്ളിയാണ് ബെസോസ് പറന്നുയരുന്നത്. സഹോദരൻ മാർക്കും ആദ്യ യാത്രയിൽ ഒപ്പമുണ്ടാകും. ഫോൺ വഴിയുള്ള ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ ടിക്കറ്റ് നിരക്ക് 2 കോടി ഡോളറിലേക്കു കുതിച്ചിരുന്നു.

വെറും 7 മിനിറ്റിൽ ലേലം കഴിഞ്ഞു. ജേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. യുഎസിൽ സ്വകാര്യ കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ബഹിരാകാശ യാത്രകൾക്കു നാന്ദി കുറിച്ചാവും ജൂലൈ 20ന് പടിഞ്ഞാറൻ ടെക്സസിൽ നിന്ന് ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ കരുത്തിൽ ബ്ലൂ ഒറിജിൻ കുതിക്കുക.