മമതാ ബാനര്‍ജിയെ സോഷ്യലിസം താലികെട്ടി; സേലത്ത് അപൂർവിവാഹം

തമിഴ്നാട് സേലത്ത് കൗതുകകരമായ ഒരു വിവാഹം നടന്നു. മമതാ ബാനര്‍ജിയെ സോഷ്യലിസം താലികെട്ടി ജീവിതത്തിലേക്ക് കൂടെ കൂട്ടി.സിപിഐ സേലം ജില്ലാ സെക്രട്ടറി എ. മോഹനന്റെ മകന്‍റെ വിവാഹമാണ്, വധൂവരന്മാരുടെ പേരിലെ കൗതുകം കൊണ്ട് ദേശീയശ്രദ്ധനേടിയത്.

തമിഴിലെ ഈ വിവാഹ ക്ഷണക്കത്തു വൈറലായതു പെട്ടൊന്നാണ്.സോഷ്യലിസം മമതാ ബാനര്‍ജിയെ ജൂണ്‍ 13 നു ജീവിതത്തിലേക്കു കൂടെകൂട്ടുന്നു.സി.പി.ഐ സേലം ജില്ലാ സെക്രട്ടറി എ.മോഹനന്‍ എന്ന ലെനിന്‍ മോഹനന്റെ ഇളയമകനാണു സോഷ്യലിസം.കൗതുക പേരിലെ കഥ അറിഞ്ഞവര്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നു വിവാഹ ചടങ്ങുകള്‍.രക്തഹാരത്തിനു പകരം താലിമാല.കാര്‍മികനായി സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍.മുത്തരശന്‍.

കതിര്‍മണ്ഡപത്തിലേക്കു കയറുന്നതിനു മുമ്പ് വീടിനു മുന്നില്‍ ചെങ്കൊടിയുര്‍ത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ വിളിച്ചു.ഓര്‍മ്മ വച്ചനാള്‍ മുതല്‍ ചെങ്കോടി പിടിക്കുന്ന മോഹനന്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴുണ്ടായ വേദനയില്‍ നിന്നാണു മക്കള്‍ക്ക് കമ്യൂണിസമെന്നും ലെനിനിസമെന്നും സോഷ്യലിസമെന്നും പേരു വിളിച്ചത്.സ്കൂള്‍ പഠനകാലത്തുണ്ടായ ചെറിയ പ്രശ്നങ്ങളൊഴിച്ചാല്‍ മക്കളെല്ലാം വെറൈറ്റി പേരില്‍ ഹാപ്പിയാണെന്ന് മോഹനന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

വധുവിന്റെ പേരിലെ പിന്നാമ്പുറ കഥ അതിലേറെ രസകരമാണ്.മമതാ ബാനര്‍ജി തൃണമൂര്‍ രൂപീകരിക്കുന്നതിനു മുമ്പ് കോണ്‍ഗ്രസിനാകെ ആവേശമായിരുന്ന കാലത്താണ് ആ അച്ഛനു മകള്‍ ജനിക്കുന്നത്.പേരായി മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.വിശ്വസിച്ച പ്രസ്ഥാനത്തെയും ആദര്ശത്തെയും ശെരിക്കും നെഞ്ചോട് ചേര്‍ത്തതിന്റെ ജീവിക്കുന്ന തെളിവുകളായ രണ്ടുപേര്‍ക്കും ആശംസ ചൊരിയുകയാണ് തമിഴകമിപ്പോള്‍.