'നേരാംവണ്ണം ആ കുട്ടി ശ്വസിച്ചിട്ടുണ്ടാകുമോ'? ഇഞ്ചിഞ്ചായി കൊല്ലുന്ന ഇഷ്ടം; കുറിപ്പ്

കാമുകിയെ പത്ത് വർഷം സ്വന്തം മുറിയിൽ ഒളിപ്പിച്ച് താമസിപ്പിച്ച പാലക്കാട് സ്വദേശിയുടെ കഥ വലിയ ചർച്ചയാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉണ്ടാക്കുന്നത്. ദിവ്യപ്രണയമെന്നൊക്കെ ആളുകൾ പറയുമ്പോഴും പത്ത് വർഷം ഒരാളെ മുറിയിൽ പൂട്ടിയിട്ടതിനെ പ്രണയമെന്ന് എങ്ങനെ വിളിക്കുമെന്ന് ചോദിക്കുന്നവരുമുണ്ട്. പ്രണയമുള്ളതിനാൽ നിന്നെ ഇഞ്ചിഞ്ചായി കൊന്നോട്ടെയെന്ന് ചോദിക്കുന്നത് പോലെയാണ് ആ ജീവിതമെന്ന് ഡോക്ടർ അനുജ പറയുന്നു. കുറിപ്പിങ്ങനെ..

' എനിക്കു നിന്നോട് ഒരുപാട് ഇഷ്‌ടമുണ്ട്, അതുകൊണ്ടു നിന്നെ ഞാനങ്ങു ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്ന പോലായി പോയി പാലക്കാട് നെന്മാറയിൽ റഹ്മാൻ സാജിത യ്ക്കു കൊടുത്ത ജീവിതം. ഇതാണ് പ്രണയമെന്നൊക്ക പറഞ്ഞുള്ള ഒരുപാട് ന്യായീകരണങ്ങൾ കണ്ടു, അവരോടായി ഒന്നു ചോദിച്ചോട്ടെ 10 വർഷക്കാലം നിങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു. 

'ആരേലും മുത്തേ എനിക്കു നിന്നോട് പെരുത്തിഷ്ടാ,  നീ ഇനി ലോകം കാണണ്ട, ഈ നാലു ചുമരുകൾക്കുള്ളിൽ കഴിയണമെന്നു പറഞ്ഞാ എന്തായിരിക്കും മറുപടി, ഒന്നു പോയെ, ഇഷ്ടം പോലും, ഇതേ  പറയാൻ സാധ്യതയുള്ളു. 

എന്തിനേറെ പറയുന്നു കൊറോണയിൽ ലോക്ഡൗണ്‍ സാഹചര്യത്തിൽ ഒന്നു പുറത്തിറങ്ങാൻ കഴിയാണ്ട് വീടിനുള്ളിൽ കഴിയേണ്ടി വരുമ്പോൾ ഉള്ള ഇന്നത്തെ ഓരോരുത്തരുടെയും അവസ്ഥ ആലോചിച്ചു നോക്കിയാൽ മതി, ആ പെൺകുട്ടി ഈ അവസ്ഥ യിൽ കൂടി കടന്നു പോയതെങ്ങനെയെന്നു ആലോചിക്കാനേ കഴിയുന്നില്ല, അവളുടെ മാനസിക നില പോലും തകർന്നിട്ടുണ്ടാവണം.

വീടിനുള്ളിൽ സാജിതയെ പാർപ്പിക്കാൻ റഹ്മാൻ കാണിച്ച സാഹസത്തിന്റെ പത്തിലൊന്നു മതിയായിരുന്നു അവളെയും കൂട്ടി അന്തസ്സായി പുറത്തെവിടെയെങ്കിലും താമസിക്കുവാൻ, പറഞ്ഞതൊക്കെ സത്യമാണെങ്കിൽ, ഈ 10 വർഷത്തിനിടയിൽ ഒന്നു നേരാംവണ്ണം ആ പെൺകുട്ടി ശ്വസിച്ചിട്ടു പോലുമുണ്ടാവില്ല, മാസമുറ ഉൾപ്പെടെ തന്റെ ഓരോ ആവശ്യങ്ങളിലും ഒന്നു പുറത്തിറങ്ങാൻ കഴിയാതെ അവൾ സഹിച്ച യാതനകളോർക്കുമ്പോൾ വേദന തോന്നുന്നു, അവളെ ഈ നരകജീവിതത്തിലൂടെ കൊണ്ടു പോയ റഹ്മാനെ ദയവു ചെയ്താരും അഭിനവ ഷാജഹാൻ ആക്കാൻ ശ്രമിക്കരുതേ. ആ പെൺകുട്ടി ഇതൊക്കെ സഹിച്ചതു പ്രണയത്തിനു വേണ്ടിയല്ലേയെന്ന ഡയലോഗ് ഒഴിവാക്കുന്നതാവും നല്ലത്, പ്രായത്തിന്റെ പക്വതക്കുറവിൽ റഹ്മാനോടൊപ്പം ജീവിക്കുവാൻ അവൾ ഒരുപക്ഷെ ഇറങ്ങി വന്നിട്ടുണ്ടാവാം,എന്നിട്ടും ഈ കാലയളവിനിടയിലൊന്നും അവൾക്കൊരു മനുഷ്യ ജീവിതം വേണമെന്നു തോന്നാതിരുന്ന റഹ്മാന്റെ മനസ്സിനെ നമിച്ചു പോകുന്നു. രക്ഷകൻ ശിക്ഷകൻ ആയില്ലല്ലോ എന്നു ചിന്തിക്കുന്നവരോടായി, ഒരു മനുഷ്യജീവിതം ആ പെൺകുട്ടിക്ക് നിഷേധിച്ചതിനാണോ?മാനസിക വിഭ്രാന്തി ആരോപിച്ചു മകന് ചികിത്സ നൽകാൻ പോയ വീട്ടുകാർക്ക് അവന്റെ മുറിയിലെ ഒരു മാറ്റവും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നതിലും അവിശ്വസനീയത തോന്നുന്നു.സാജിതയ്ക്ക് ഇനിയൊരു മനുഷ്യ ജീവിതമുണ്ടാകട്ടെ, മാനസികവും ശാരീരികവുമായ എല്ലാ തളർച്ചകളിൽ നിന്നും തിരിച്ചു വരാനും കഴിയട്ടെ.’