കോവിഡ് മൂലം പച്ചപിടിച്ച ഒരു നാട്; കുതിച്ചുയർന്നു ബിസിനസ്; കോടികളുടെ വില

കോവിഡ് 19 മഹാമാരി മൂലം ആഗോളസാമ്പത്തികവ്യവസ്ഥ തന്നെ മാന്ദ്യം നേരിടുകയാണ്. ഭാഷ-സംസ്കാര ഭേദമെന്യേ ലോകമെമ്പാടുമുള്ള ജനങ്ങൾ പ്രതിസന്ധി നേരിടുന്നു. റിയൽ എസ്റ്റേറ്റ് അടക്കം എല്ലാ മേഖലകളും സ്തംഭിച്ച അവസ്ഥയിലായി. എന്നാൽ ഇതിനിടെ കോവിഡ് വ്യാപനം മൂലം നേട്ടങ്ങൾ മാത്രമുണ്ടാക്കിയ ഒരു ഗ്രാമം ഉണ്ട്. റഷ്യയിലെ ക്രാസ്നായ പോളിയാന എന്ന ഈ ഗ്രാമത്തിൽ മഹാമാരി പടർന്നു തുടങ്ങിയതിനുശേഷം ഭൂമിയുടെ വില ഇരട്ടിയിലധികമായി കുതിച്ചുയരുകയാണ്.

കരിങ്കടലിനോട് ചേർന്നുള്ള മലനിരകളിലാണ് 5 സ്ട്രീറ്റുകളുള്ള ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിക്കുപുറമേ ശുദ്ധമായ വെള്ളവും വായുവുമാണ് ഈ നാടിന്റെ പ്രത്യേകത. കോവിഡ് വ്യാപനം മൂലം നഗരത്തിലെ ജീവിതം ദുസ്സഹമായതോടെ മോസ്കോ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടെ ഭൂമി വാങ്ങാനായി എത്തുന്നത്. 

100 ചതുരശ്രമീറ്റർ എന്ന കണക്കിലാണ് റഷ്യയിൽ ഭൂമിയുടെ വില നിശ്ചയിക്കുന്നത്. കൊറോണ വ്യാപനത്തിന് മുൻപ് നൂറു ചതുരശ്രമീറ്റർ സ്ഥലത്തിന് 10 ലക്ഷം രൂപയായിരുന്നു ഗ്രാമത്തിലെ വില. ആവശ്യക്കാർ ഏറി വന്നതോടെ ഇപ്പോൾ നൂറു ചതുരശ്രമീറ്റർ സ്വന്തമാക്കുന്നതിന് 50 ലക്ഷത്തിന് മുകളിൽ മുടക്കേണ്ടി വരും. എത്ര വില മുടക്കിയും ഈ ഗ്രാമത്തിൽ സ്ഥലം സ്വന്തമാക്കാൻ വമ്പൻ ബിസിനസുകാരാണ് മത്സരിക്കുന്നത്. 

2021 ന്റെ അവസാനത്തോടെ ഭൂമി വില 70 ലക്ഷം കടക്കുമെന്നാണ് ഇടനിലക്കാരുടെ പ്രതീക്ഷ. നാലു കോടിക്കും 90 കോടിക്കും ഇടയിലാണ് കോട്ടേജുകളുടെ വില. വീടുകളുടെ വാടകയും കുതിച്ചുയർന്നിട്ടുണ്ട്. ഗ്രാമത്തിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ എയർപോർട്ടിൽ എത്താം. ശൈത്യകാലത്ത് സ്കീയിങ്ങ് നടത്താനുള്ള സൗകര്യവും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

സ്ഥലത്തിന്റെ വിലയിലുണ്ടായ വർധനവ് ഗ്രാമത്തെ അടിമുടി മാറ്റിയിട്ടുണ്ട്. 2014 ൽ വിന്റർ ഒളിമ്പിക്സ് നടന്ന സമയത്ത് നിർമ്മിച്ച റിസോർട്ടുകളിൽ പാർക്കാൻ എത്തുന്നവരെ ഉദ്ദേശിച്ച് ഏതാനും റസ്റ്റോറന്റുകൾ മാത്രമാണ് മുൻപ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 20 കഫേകളും ധാരാളം റസ്റ്റോറന്റുകളും ഒരു പബ്ബും ബാറും എല്ലാം ഒറ്റ വർഷം കൊണ്ട് ഇവിടെ ആരംഭിച്ചുകഴിഞ്ഞു. വൈഫൈ സംവിധാനം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.