‘ബാർബിക്യൂ ഉണ്ടാക്കിയ നഷ്ടം 51 ലക്ഷം’; ലംബോർഗിനിയുടെ എൻജിൻ തകർന്നു; വിഡിയോ

ലംബോർഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റിൽ നിന്ന് വരുന്ന തീയിൽ ഇറച്ചി ഗ്രിൽ ചെയ്യാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത് കനത്ത നഷ്ടം. ചൈനയിലെ ഹുവാൻ പ്രവിശ്യയിലാണ് സംഭവം നടന്നത്. കൂട്ടുകാരുമെത്ത് ഒരു അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ പാർട്ടി നടത്തുകയായിരുന്ന യുവാവിനാണ് പെട്ടെന്ന് വിചിത്ര ഐഡിയ തോന്നിയത്.

ത്രോട്ടിൽ നൽകുന്നതിന് അനുസരിച്ച് ലംബോർഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റിൽ നിന്ന് ഇടയ്ക്ക് തീ വരാറുണ്ട്. എൻജിനിൽ നിന്നുള്ള റോ ഫ്യൂവൽ എക്സ്ഹോസ്റ്റിലേക്ക് തള്ളുന്നതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. എന്തുകൊണ്ട് ആ തീയിൽ ഇറച്ചി ഗ്രിൽ ചെയ്തുകൂടാ എന്ന ചിന്തയാണ് യുവാവിന് 51 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയത്.

കുറച്ചു നേരം രസകരമായിരുന്നുവെങ്കിലും എൻജിനിൽ നിന്ന് പുക വന്നതോടെ യുവാവ് ഗ്രിൽ മതിയാക്കി. കൂടാതെ വാഹനത്തിന്റെ കൂളന്റ് സിസ്റ്റവും തകരാറിലായി. കുടൂതൽ നേരം റേവ് ചെയ്തത് വാഹനത്തിന്റെ എൻജിൻ താപനില ഉയർത്തിയെന്നും അത് എൻജിന്‍ തകരാറിലാക്കിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

കൂളന്റ് ലീക്കായി നിലത്തുകൂടെ ഒഴുകുന്നതും വിഡിയോയിൽ കാണാം. ലംബോർഗിനിയിൽ ഗ്രിൽ ചെയ്യുന്നു എന്ന പേരിൽ വിഡിയോ ലോകം മുഴുവൻ വൈറലായിരിക്കുകയാണ്. സൂപ്പർക്കാർ നന്നാക്കുന്നതിനായി ഏകദേശം 5 ലക്ഷം യുവാൻ (51 ലക്ഷം രൂപ) വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു ദശലക്ഷം യുവാനാണ്(ഏകദേശം 2.2 കോടി രൂപ) ലംബോർഗിനി അവന്റഡോറിന്റെ ചൈനീസ് വില.