40 വർഷമായി മഞ്ഞ മാത്രം; വാച്ച് മുതൽ അടിവസ്ത്രം വരെ; കാരണമിത്; വിഡിയോ

കടപ്പാട്: Nas Daily, NDTV

വസ്ത്രങ്ങൾ പല നിറത്തിലും പല തരത്തിലുമൊക്കെ മാറിമാറി ധരിക്കാനായിരിക്കും ഭൂരിഭാഗം എല്ലാ മനുഷ്യര്‍ക്കും താത്പര്യം. എന്നാൽ 40 വർഷമായി മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന ഒരാളുണ്ട് സിറിയയിലെ ആലപ്പോയിൽ. 74 വയസുള്ള അബു സക്കോര്‍ ആണ് ഈ വൈറല്‍ താരം. 1983 മുതലാണ് അദ്ദേഹം ഈ ശീലം ആരംഭിച്ചത്. 

വസ്ത്രങ്ങൾ മാത്രമല്ല, തൊപ്പി, ചെരുപ്പ്, ടൈ, ചായക്കപ്പ്, മൊബൈൽ ഫോൺ, ക്ലോക്ക്, വാച്ച്, കിടക്കകൾ, ചീപ്പ്, അങ്ങനെ എല്ലാം മഞ്ഞയാണ്. എന്തിന്, താൻ ധരിക്കുന്ന അടിവസ്ത്രങ്ങൾ പോലും മഞ്ഞയാണെന്ന് ചിരിച്ചുകൊണ്ടുപറയുന്നു അദ്ദേഹം. 

ആലപ്പോയിലെ താരമാണ് ഈ എഴുപത്തിനാലുകാരൻ. എവിടെപ്പോയാലും സെൽ‌ഫിയെടുക്കാൻ‌ ആളുകൾ ചുറ്റും കൂടും.  അദ്ദേഹം എല്ലാവർക്കുമൊപ്പം പുഞ്ചിരിച്ച് പോസ് ചെയ്യും. ഒരു കിലോമീറ്റര്‍‍ താണ്ടാൻ നാലു മണിക്കൂറെങ്കിലും വേണമെന്നു പറയുന്നു അബു. ഇതിനിടെ പലരും തടഞ്ഞുനിർത്തി ഫോട്ടോ എടുക്കും. കുശലം പറയും. ആരാധന മൂത്ത ഒരാൾ തന്റെ റസ്റ്റോറന്റിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും സെൽഫി എടുക്കാൻ ആളുകളുടെ തിരക്കാണ്. 

'മഞ്ഞ മനുഷ്യൻ' എന്നാണ് ആലപ്പോക്കാര്‍ ഇദ്ദേഹത്തെ വിളിക്കുന്നത്. 'ആലപ്പോയിലെ ഡൊണാള്‍ഡ് ട്രംപ്' എന്നും വിളിക്കുന്നവരുണ്ട്. ട്രംപിന് മഞ്ഞ് മുടിയാണ് എന്നതാണ് ഈ വിളിപ്പേരിന് കാരണം. എന്നാല്‍ മഞ്ഞ വസ്ത്രങ്ങൾ അണിയുമ്പോൾ ട്രംപിനേക്കാള്‍ കരുത്തനാണ് താനെന്ന് ചിരിച്ചുകൊണ്ടുപറയുന്നു പറയുന്നു അബു സക്കോർ.

എല്ലാവരുടെയും ഇഷ്ടതാരമാണെങ്കിലും ചിലരുടെയെങ്കിലും അപ്രീതിക്കും കാരണമായിട്ടുണ്ട് ഇദ്ദേഹം‌. 2012 ൽ വിമതർ നഗരം പിടിച്ചെടുത്തപ്പോൾ അബു സക്കോര്‍ തടങ്കലിലായി. ഇനി മഞ്ഞ വസ്ത്രങ്ങൾ ധരിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്നും ആർക്കും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും മഞ്ഞയിൽ തന്നെ തുടരാൻ തനിക്ക് സാധിക്കുന്നുണ്ടെന്നും പറയുന്നു അദ്ദേഹം. 

ഇതുവരെ മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിനു പിന്നിലെ കാരണം പറഞ്ഞിട്ടില്ലെങ്കിലും ഇപ്പോൾ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അബു സക്കോര്‍.  മഞ്ഞ സന്തോഷത്തിന്റെ നിറമാണ്. രാജ്യത്തെ യുദ്ധങ്ങൾക്കും കലാപങ്ങൾക്കുമിടയിലും താന്‍ സന്തോഷവാനാണ്. ആ സന്തോഷം ജനങ്ങളിലേക്കും എത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 

നഗരത്തിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് അബു സക്കോറിന്റെ താമസം. ഭാര്യ മരിച്ച ഇദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. മരിക്കുന്നതുവരെ മഞ്ഞ വസ്ത്രങ്ങളും ആക്സസറികളും ധരിക്കുന്ന ശീലം താൻ തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.