സ്റ്റംപ് കൊണ്ട് ബോൾ അടിച്ചുപറത്തി; വൈറലായി ഒൻപതുകാരൻ; വിഡിയോ

സ്റ്റംപിനെ ബാറ്റാക്കി മാറ്റി ഉഗ്രൻ ഷോട്ടുകൾ അടിച്ചു പറത്തി താരമായി ഒൻപതു വയസുകാരന്‍. രാജ്യാന്തരതലത്തിൽ വരെ ശ്രദ്ധ നേടിയിരിക്കുകയാണ് തൃശ്ശൂർ സ്വദേശിയായ പ്രജിത്തിന്റെയും വിദ്യയുടേയും മകനായ വിഘ്നജ്. ഒരു സ്റ്റംപ് കൊണ്ട് നേരെ വരുന്ന ഏതു ബോളിനെയും ഷോട്ടുകളാക്കി മാറ്റുന്ന വിഘ്നജിന്റെ വിഡിയോ വൈറലായിക്കഴിഞ്ഞു. 

ചെറുപ്പത്തിൽ തന്നെ ‌മകന് ക്രിക്കറ്റിനോടുള്ള താത്പര്യം മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. വിഘ്നജിനായ പ്രത്യേക പരിശീലനം മാതാപിതാക്കൾ നൽകിവരുന്നുണ്ട്. ലോക്ഡൗൺ സമയത്ത്  വീട്ടിൽ വച്ച് ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെ ബാറ്റ് ഒടിഞ്ഞുപോയപ്പോഴാണ് സ്റ്റംപ് ഉപയോഗിച്ച് കളിച്ചു നോക്കിയാലോയെന്ന് വിഘ്നജിന് തോന്നിയത്. ഒരു കൗതുകത്തിനു നടത്തിയ വിജയിച്ചു. സ്റ്റംപുകൊണ്ടുള്ള മകന്റെ ക്രിക്കറ്റ് കളിയുടെ വിഡിയോ അച്ഛൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. പാകിസ്ഥാനിലെ ടെലിവിഷൻ ചാനലിൽ വരെ ഈ വിഡിയോ എത്തിയിരുന്നു.

ഭാവിയിൽ ഒരു വലിയ ക്രിക്കറ്റ് താരമാകണമെന്നാണ് വിഘ്നജിന്റെ ആഗ്രഹം. രോഹിത് ശർമയാണ് ഇഷ്ടതാരം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വീടിന്റെ ഓപ്പൺ ടെറസിലാണ് ഇപ്പോൾ പരിശീലനം.