‘ആര്‍ത്തവം അശുദ്ധിയല്ല, അതു കൊണ്ടാണ് നീ ഉണ്ടായത്’; പെണ്ണിനെ അകറ്റി നിര്‍ത്തുന്നവരോട്

ആര്‍ത്തവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആര്‍ത്തവത്തിന്റെ പേരില്‍ പെണ്ണിന് അയിത്തം കല്‍പ്പിക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്താറുണ്ട്. നടിമാരും സെലിബ്രിറ്റികളും പോസ്റ്റുകള്‍ എഴുതുന്നതില്‍ ഉള്‍പ്പെടുന്നു. 

ആര്‍ത്തവത്തിന്റെ പേരില്‍ പെണ്ണിനെ അകറ്റി നിര്‍ത്തുന്നതിനെതിരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ആതിര നന്ദികേശ്വരന്‍. ആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവമുള്ളപ്പോള്‍ പെണ്ണ് അശുദ്ധയാണെന്നുമുള്ള ചിന്തകളോടാണ് ആതിരയുടെ മറുപടി. ലഹരിമരുന്നുകള്‍ പോലും അമൃതായി കൊണ്ടാടുന്ന നാട്ടില്‍ രക്തം അശുദ്ധമാണ് എന്ന്  പറഞ്ഞു വരുന്നതിന്റെ ഉള്‍പൊരുള്‍ എന്താണെന്ന് ആതിര ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ആതിരയുടെ മറുപടി.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ജീവിതത്തിൽ അവ്യക്തമായ , അനാചാരങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ദുരാചാരങ്ങളോട് പ്രതികരിക്കുന്നതിൽ തെറ്റില്ലല്ലോ അല്ലേ?! എന്നാൽ ഞാൻ തുടങ്ങട്ടെ!

കാലം നൂറ്റാണ്ടുകൾ പിന്നിടുകയും അത് വഴി ഒരുപാട് പുരോഗതികൾ ആർജിക്കുകയും ചെയ്തു എന്ന വസ്തുതാപരമായ കാര്യങ്ങളിൽ അഹങ്കരിക്കുന്നതിനു മുൻപേ അയിത്തങ്ങളും അനാചാരങ്ങളും ഇപ്പൊഴും കൊണ്ടാടുന്ന സമൂഹമുണ്ടെന്ന് ഞാൻ ശ്രദ്ധയിൽ പെടുത്തട്ടെ!. ഞാനടക്കം ഈ നിർവികാരതയുടെ ഭാഗമായതിൽ ഞാൻ ഖേദിക്കട്ടെ!

ആർത്തവ സമയങ്ങളിൽ ആരെയും സ്പർശിക്കാതെ ഒതുങ്ങിയിരിക്കണമെന്നും, ആർത്തവ സ്ത്രീയുടെ സ്പർശനമേറ്റാൽ മുങ്ങിക്കുളിക്കണമെന്നും , അയിത്തമാവുകയും ,ബാധയാവുകയും ചെയ്യുന്നുവെന്നുമുള്ള നിലപാടുകളോട് എൻ്റെ നിർവികാരത മാത്രം . ഇവ ചില സമൂഹങ്ങളിൽ അല്ലെങ്കിൽ സമുദായങ്ങളിൽ ഇപ്പോഴും കൊണ്ടാടുന്നു എന്ന് പറഞ്ഞാൽ ഭൂരിഭാഗം പേർക്കും വിശ്വസിക്കാൻ പ്രയാസം ആയിരിക്കും. എന്നാൽ വാസ്തവമതാണ്, ഒരു പക്ഷേ ആരും തുറന്ന് പറയാൻ ആഗ്രഹിക്കാത്ത നഗ്ന സത്യം. ആർത്തവ സമയം നാലു ചുവരുകളിൽ മാത്രം ഒതുങ്ങി ജീവിച്ച പണ്ടുകാലത്തെ സ്ത്രീകൾ അതവരുടെ വിധിയാണ്, അവൾ അശുദ്ധിയാണ് എന്ന് സ്വയം വിശ്വസിച്ചതിന്റെ അനന്തരഫലമായി ഇത്തരം അനാചാരങ്ങൾ ഇപ്പൊഴും നിലനിൽക്കുന്നതിനെ കണക്കു കൂട്ടാം. ഇവ കൊണ്ടാടുന്ന 99% ആളുകളോടും ചോദിക്കുക, '' എന്തുകൊണ്ട്? അവരിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരേയൊരു ഉത്തരം ഇതാണ്. ആർത്തവം അശുദ്ധിയാണ്! ആർത്തവമുള്ളപ്പോൾ പെണ്ണ് അശുദ്ധമാണ്!

ഞാൻ രക്തമൊഴുക്കുന്നു എന്നതിലെവിടെയും എനിക്ക് അശുദ്ധിയെ കാണാൻ കഴിയുന്നില്ല!. ലഹരിമരുന്നുകൾ പോലും അമൃതായി കൊണ്ടാടുന്ന നാട്ടിൽ രക്തം അശുദ്ധമാണ് എന്ന് പറഞ്ഞു വരുന്നതിൻ്റെ ഉൾപൊരുൾ എന്താണ്? പകരം ഞങ്ങൾ രക്തമൊഴുക്കുന്നതുകൊണ്ടാണ് മർത്യാ നീ ഉണ്ടാവുന്നത്!. വരും തലമുറകൾക്ക് ഞങ്ങൾ അനിവാര്യമാണ്. ഞങ്ങളുടെ രക്തവും. ആർത്തവ സ്ത്രീകൾ അശുദ്ധയാണെന്നു നിങ്ങൾ പറയുന്നുവെങ്കിൽ നിങ്ങളുടെ വികൃത മനസിനെ ഞാൻ അശുദ്ധമായി കാണട്ടെ!

പെണ്ണ് വീടിന്റെ വിളക്കാണ്, ഐശ്വര്യമാണ് എന്ന് പറഞ്ഞു തന്ന കവികൾ ആരും തന്നെ ആർത്തവുള്ള പെണ്ണ് അശുദ്ധിയാണെന്ന് പറഞ്ഞു തന്നിട്ടില്ല!. കാലാകാലങ്ങളായി നിലനിൽക്കുന്ന മഹാഗ്രന്ഥങ്ങളിൽ എവിടെയും തന്നെ ആർത്തവ സ്ത്രീ അശുദ്ധമാണ് എന്ന് പ്രതിപാദിച്ചിട്ടില്ല! .ഒരു വാക്ക് പോലും പ്രതികരിക്കാൻ കഴിയാതെ കണ്ണടച്ച് അനാചാരങ്ങൾ അടിമുടി പാലിക്കുന്ന യുവതികളോടും പെൺകുട്ടികളോടും പറയട്ടെ! ഇത് ഞാനോ നിങ്ങളോ അടങ്ങുന്ന ചെറിയ കൂട്ടായ്മയെയും മാത്രം ബാധിക്കുന്ന പ്രശ്നമല്ല!. വരും തലമുറകളെയും അതിൽ വാർത്തെടുക്കുന്ന പെൺകുട്ടികളെയും ബാധിക്കുന്ന പ്രശ്നം കൂടിയാണ് . ആർത്തവം അയിത്തമാണ് , അശുദ്ധമാണ് എന്ന് സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന സ്ത്രീകളോട് സഹതാപം മാത്രം. ഇത്തരം പൊള്ളയായ ആശയങ്ങളെ ഭയപ്പെട്ടു ജീവിക്കുന്ന സ്ത്രീകളേ.... നമുക്ക് പ്രതികരിക്കാം.

ഞാനിതിവിടെ പറയുമ്പോൾ ഒരു പക്ഷേ ഒരു പറ്റം ആൾക്കാരുടെ കണ്ണിൽ ഞാൻ നിരീശ്വരവാദി ആയിരിക്കാം, ഫെമിനിസ്റ്റ് ആയിരിക്കാം. ഞാനെന്തായാലും അതിൽ നിങ്ങൾ ഭയപ്പെടേണ്ട !. മറിച്ച് ഞാൻ ഒരു മനുഷ്യനാണ് എന്നതിൽ ഞാൻ അഭിമാനിക്കട്ടെ!.

നിങ്ങളുടെ മനസിൽ തികഞ്ഞ ശുദ്ധതയുണ്ടെങ്കിൽ മാത്രം നിങ്ങൾ സ്ത്രീയെ അശുദ്ധമെന്ന് പറയൂ !. നിങ്ങളുടെ മനസിൽ കളങ്കമില്ലെങ്കിൽ മാത്രം നിങ്ങൾ ദൈവീകത കളങ്കപ്പെട്ടു എന്ന് പറയൂ !. എന്നിരുന്നാലും ഇത്തരം അനാചാരങ്ങൾ ആഡ്യത്വം ആയി കാണുന്ന ഒരു പറ്റം ആൾക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ..! നിങ്ങളുടെ മനസിൽ ഒരൽപമെങ്കിലും ശുദ്ധത ഉണ്ടാവാൻ ഞങ്ങളാൽ കളങ്കപ്പെട്ടു എന്ന് നിങ്ങൾ പറയുന്ന അതേ ദൈവത്തോട് ഞങ്ങൾ പ്രാർത്ഥിക്കാം.മനസിന്റെ ശുദ്ധതയും മനസിന്റെ നന്മയുമാണ് ഏറ്റവും അർത്ഥവത്തായ ദൈവീകത എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ പോസ്റ്റിനെതിരെ പ്രതികരിക്കാൻ താൽപര്യപ്പെടുന്ന ശുദ്ധമായ മനസിന്റെ ഉടമകൾക്ക് സുസ്വാഗതം!