കപ്പലിലും ട്രക്കുകളിലും അതിവേഗ ഇന്റർനെറ്റ്; ഞെട്ടിക്കാനൊരുങ്ങി വീണ്ടും മസ്ക്

ലോകമെങ്ങും അതിവേഗത്തിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണ് താനെന്ന് ഇലോൺ മസ്ക്. സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണ അനുമതിക്കായി ഇതിനകം തന്നെ മസ്ക് രാജ്യങ്ങളുമായി ആശയവിനിമയവും തുടങ്ങിക്കഴിഞ്ഞു. പദ്ധതി നടപ്പിലാക്കാനായാൽ കപ്പലുകളിലും ട്രക്കുകളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാകും. യുഎസിലെ ട്രക്കുകളിൽ ഇത്തരത്തിൽ അതിവേഗ നെറ്റ് ലഭ്യമാക്കുന്നതിനായാണ് പ്രാരംഭ ചർച്ചകൾ പുരോഗമിക്കുന്നതെന്ന് സ്പേസ് എക്സ് മേധാവി വെളിപ്പെടുത്തുന്നു.

ചെറിയ ഡിഷ് ആന്റിന വഴിയായിരിക്കും വാഹനങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുക. എന്നാൽ, ടെർമിനൽ വളരെ വലുതായതിനാൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടെസ്‌ല കാറുകളുമായി ബന്ധിപ്പിക്കില്ലെന്ന് ഇലോൺ മസ്‌ക് വെളിപ്പെടുത്തി. ഇതിനാൽ, ഈ നെറ്റ്‌വർക്ക് സംവിധാനം വിമാനം, കപ്പലുകൾ, വലിയ ട്രക്കുകൾ എന്നിവയിലാകും ലഭ്യമാകുക. 

സ്റ്റാർലിങ്ക് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റിന്റെ വേഗം ഈ വർഷം 300 എംബിപിഎസായി ഉയർത്തുമെന്നും സ്പേസ്എക്സ് കമ്പനി സിഇഒ കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് പ്രോജക്റ്റിലൂടെ കമ്പനി ഇപ്പോൾ തന്നെ 50 മുതൽ 150 എംബിപിഎസ് വരെ വേഗം നൽകുന്നുണ്ട്. ഇത്തരം സാറ്റലൈറ്റുകളുടെ എണ്ണം 12,000 ആക്കി ഉയർത്തുമെന്നും മസ്ക് വ്യക്തമാക്കുന്നു.