കോഴിപ്പോരിനിടെ 45കാരൻ മരിച്ചു; ‘കോഴി’ പൊലീസ് കസ്റ്റഡിയിൽ

അനധികൃത കോഴിപ്പോരിനിടെ 45കാരൻ മരിച്ച സംഭവത്തിൽ കോഴി പൊലീസ് കസ്റ്റഡിയിൽ. തെലങ്കാനയിലെ ജഗ്തിയൽ ജില്ലയിലാണ് സംഭവം. കോണ്ടാപുർ ഗ്രാമത്തിലെ തനുഗുല സതീഷ് (45) എന്നയാളാണ് മരിച്ചത്. 

ഫെബ്രുവരി 23 ന് ജഗ്തിയലിലെ ഗോല്ലപ്പള്ളി മണ്ഡലത്തിലെ ലോഥുനുർ ഗ്രാമത്തിൽ യെല്ലമ്മ ക്ഷേത്ര പരിസരത്താണ് അനധികൃത കോഴിപ്പോര് നടന്നത്. സതീഷിന്റെ വകയായിരുന്നു കോഴി. ആചാരമനുസരിച്ച് സതീഷ് മൂന്ന് ഇഞ്ച് നീളമുള്ള കത്തി (കോഡി കത്തി എന്നറിയപ്പെടുന്നു) തന്റെ കോഴിയുടെ കാലിൽ കെട്ടി. കോഴിപ്പോരിനിടെ, കോഴി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കോഴിയെ സതീഷ് പിടികൂടിയെങ്കിലും അബദ്ധത്തിൽ കോഴിയുടെ കാലിൽ കെട്ടിയിരുന്ന കത്തി സതീഷിന്റെ അടിവയറ്റിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.

കോഴിയെ ഒരു ദിവസം ഗൊല്ലപ്പള്ളി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഒരു കോഴിക്കൂടിലേക്ക് മാറ്റി. സംരക്ഷണത്തിന് ഒരു കോൺസ്റ്റബിളിനെയും നിയോഗിച്ചു.  കോഴിപ്പോരിൽ പങ്കെടുത്ത 15 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ഗൊല്ലപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ബി. ജീവൻ പറഞ്ഞു. തെളിവായി കോടതിയിൽ ഹാജരാക്കുമെന്നതിനാൽ കോഴിയെ പൊലീസ് സംരക്ഷണയിൽ സൂക്ഷിച്ചിട്ടുണ്ട്. പങ്കെടുത്തവരുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായതിനാൽ കോഴിപ്പോര് സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തവരെയും സതീഷിന്റെ മരണത്തിന് ഉത്തരവാദികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.